തിരുവനന്തപുരം: നെന്മാറ ഇരട്ടകൊലക്കേസില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. പോലീസിനെതിരെ പ്രചരണം നടത്തുന്നത് ശരിയല്ല എന്ന് പിണറായി വിജയന്. കേസില്‍ പോലീസ് നടപടിയെടുത്തെന്നും പോലീസിന് മുഴുവന്‍ വിഴ്ചയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ച വേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ ഗുണ്ടകളുടെ നാടായി മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് ആരോപിച്ചു. ‘സംസ്ഥാനത്ത് ക്രിമിനലുകള്‍ വ്യാപകമായി അഴിഞ്ഞാടുകയാണ്. ക്രിമിനലുകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ക്രിമിനലുകളെ വിലങ്ങു വയ്ക്കേണ്ട ചങ്ങലക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു’വെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. ലോക്കൽ സമ്മേളനം നടത്തുന്ന മാതൃകയിൽ ഗുണ്ടകൾ ബർത്ത് ഡേ ഡിജെ പാർട്ടികൾ നടത്തുന്നതായി അദ്ദേഹം പരിഹസിച്ചു.
എന്നാല്‍, 4,900 പേരില്‍ നിന്നും 100 പേരെ മാത്രമാണ് ആകെ വെറുതെ വിട്ടത്. അതൊന്നും പ്രതിപക്ഷം കാണുന്നില്ലെന്നും തെറ്റ് നോക്കി നടക്കുകയാണ് കുറ്റപ്പെടുത്താന്‍ എന്നും എക്സൈസ് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ശതകോടീശ്വരനെ പിടിച്ചതില്‍ പ്രതിപക്ഷത്തിന് പ്രയാസം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് മറുപടിയായി ‘തെലങ്കാനയില്‍ പിടിച്ച ശതകോടിശ്വരന് ഞങ്ങളുടെ അമ്മാവനല്ല’ എന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് പ്രതിയായ ഷൈന്‍ ടോം ചാക്കോയെ ഇന്നലെ കോടതി കുറ്റവിമുക്തന്‍ ആക്കിയതിലും സംസ്ഥാന പോലീസിന്റെ വീഴ്ചയാണെന്നും പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു.
സാധാരണക്കാരന് സംരക്ഷണം നല്കാനാകാതെ പോലീസ് സംവിധാനം നോക്കുകുത്തിയാകുന്നുവെന്ന് എന്‍.ഷംസുദ്ദീന് എം.എല്‍.എ കുറ്റപ്പെടുത്തി. ‘നെന്മാറയില് രണ്ട് ജീവന് കൊലക്കത്തിക്ക് ഇരയായത് പോലീസിന്റെ വീഴ്ചകൊണ്ടാണ്. കേരളത്തില്‍ പോലീസ് ക്രിമിനല്‍ വല്ക്കരിക്കപ്പെട്ടിരിക്കുന്നു. കേരളം ലഹരിയുടെ ഹബ്ബ് ആയിട്ടും നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയുന്നില്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്രമസമാധാനം ലജ്ജാകരമായ അവസ്ഥയിലാണെന്നും’ എന്‍.ഷംസുദ്ദീന് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. പൊലീസിന്റെ അതിക്രമങ്ങളും വീഴ്ചകളും അടിയന്തരപ്രമേയമായി അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രസംഗം സ്പീക്കർ അനാവശ്യമായി ഇടപെട്ട് തടസ്സപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പിന്നീട് അവതരണനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.