ആലപ്പുഴ സിപിഎമ്മില്‍ ഉരുള്‍പൊട്ടല്‍;തുമ്പോളി ബ്രാഞ്ച് സെക്രട്ടറി സിപിഐയില്‍ ചേര്‍ന്നു

Jaihind News Bureau
Wednesday, February 12, 2025

ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. തുമ്പോളി ലോക്കല്‍ കമ്മിറ്റിയിലെ 9 ബ്രാഞ്ചുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഉള്‍പ്പോരിനെ തുടര്‍ന്നാണ് മാസങ്ങളോളം കമ്മിറ്റികള്‍ കലഹത്തിനൊരുങ്ങിയത്. ഇതേത്തുടര്‍ന്ന് എണ്‍പതിലേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങിയിരിക്കുകയാണ്. ഒരു ബ്രാഞ്ച് സെക്രട്ടറി രാജിവച്ച് ഇന്നലെ സിപിഐയില്‍ ചേര്‍ന്നു. ആലപ്പുഴയിലെ കലഹം സിപിഎം നേതൃത്വത്തിന് നിരന്തരമായ തലവേദനയായി തുടരുന്നു.

പാര്‍ട്ടിയുടെ ഐക്യസന്ദേശവുമായാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെങ്കിലും ബ്രാഞ്ച് ഏരിയാ ഘടകങ്ങളില്‍ അതൃപ്തി പുകയുകയാണ് . തുമ്പോളി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി P.P. ഡേവിഡ് ആണ് മനം മടുത്ത് സിപിഐയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിരുദ്ധത പ്രചരിപ്പിക്കുന്ന പ്രവര്‍ത്തകരെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉയരുന്നുണ്ട്. സ്ത്രീകളെയും യുവാക്കളെയും പാര്‍ട്ടി നേതൃനിരയില്‍ സജീവമാക്കുക എന്ന കേന്ദ്രകമ്മിറ്റി നിര്‍ദേശം ആലപ്പുഴയില്‍ നടപ്പാകാതെ പോയതിലും പാര്‍ട്ടിയില്‍ പരക്കെ അസംതൃപ്തിയുണ്ട്.

കഴിഞ്ഞ ഒക്ടോബറിനു ശേഷം ഉള്‍പ്പോരുള്ള ബ്രാഞ്ചുകളിലൊന്നിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നതാണ് ആലപ്പുഴയിലെ അവസ്ഥ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിപാടിക്ക് വന്നില്ലെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലോക്കല്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. ജോലി കളയുമെന്നാണ് ഇയാളുടെ ഭീഷണി. നേരത്തേ ഹരിപ്പാടും കായം കുളത്തും സിപിഎം കൂട്ടരാജി നേരിട്ടിരുന്നു. കുമാരപുരത്ത് 36 സിപിഎം അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു .

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് തുേേമ്പാളി ലോക്കല്‍ കമ്മിറ്റിയില്‍ പ്രതിഷേധം നടന്നത്. PP ചിത്തരഞ്ജന്‍ എംഎല്‍ എ ഇടപെട്ട് പല തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടായില്ല. എതിര്‍പ്പുള്ള അംഗത്തിനെതിരേ ജില്ലാ – സംസ്ഥാന സെക്രട്ടറിമാര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിലും പ്രതിഷേധം പുകയുകയാണ്.