ഡല്‍ഹി : പഞ്ചാബില്‍ മുഖ്യമന്ത്രി മാറുമോ.. ഡല്‍ഹിയില്‍ തോറ്റ അരവിന്ദ് കെജ്രിവാള് പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ..? ഈ ചോദ്യങ്ങളാണ് ഡല്ഹിതെരഞ്ഞെടുപ്പു ഫലത്തെ തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയം. പഞ്ചാബില്‍ പ്രതിസന്ധിയിലകപ്പെട്ട ആം ആദ്മി സര്‍ക്കാര്‍ ഏതു രീതിയിലാവും അതു മറികടക്കുകയെന്നതാണ് പ്രസക്തം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനോട് എതിര്‍പ്പുള്ള എംഎല്‍എമാരുടെ പിന്തുണ നേടാനുള്ള ശ്രമം കോണ്‍ഗ്രസും നടത്തുന്നുണ്ട്. മുപ്പതോളം എംഎല്‍എമാര്‍ എഎപി വിടാന്‍ ഒരുങ്ങുകയാണെന്നു കോണ്‍ഗ്രസ് അവകാശപ്പെടുന്നു. പിന്നാലെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും.
ഡല്‍ഹിയിലെ തോല്‍വി എഎപിയുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് പഞ്ചാബിലെ വിമതനീക്കം. 117 അംഗ നിയമസഭയില്‍ 92 എംഎല്‍എമാരാണ് ആപ്പിനുള്ളത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പിയും ശ്രമിക്കുന്നതായി ആരോപണമുണ്ട്. അസംതൃപ്രായ 30 ആംആദ്മി എം.എല്‍.എമാര്‍ പാര്‍ട്ടിയുമായി ചര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. പഞ്ചാബ് പി.സി.സി അദ്ധ്യക്ഷന്‍ സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് ഉടന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ട്ടി എംഎല്‍എമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തിന്റെയും പാര്‍ട്ടിയുടെ പഞ്ചാബ് ഘടകത്തിലെ ആഭ്യന്തര വിയോജിപ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെയും പശ്ചാത്തലത്തിലാണ് യോഗം. എഎപി എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, മാന്‍ ഡല്‍ഹിയുമായി ഇതിനു മുന്‍പും ബന്ധപ്പെട്ടിട്ടുണ്ടെന്നും രണ്‍ധാവ പറഞ്ഞു. ”അവര്‍ ബിജെപിയുമായി ബന്ധപ്പെട്ടാല്‍, ഭാവിയില്‍ പഞ്ചാബിന് ദോഷം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ എഎപിയില്‍ ഭിന്നിപ്പുണ്ടാകുമെന്നും സര്‍ക്കാരില്‍ മാറ്റമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മുപ്പത് എംഎല്‍എമാര്‍ മറുകണ്ടം ചാടിയാലും പതിനെട്ട് എംഎല്‍എമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണം ദുഷ്ക്കരമാണ് . പഞ്ചാബ് മുഖ്യമന്ത്രിയാകാനാണ് കേജ്രിവാള് ശ്രമിക്കുന്നതെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി.