സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം കുറയുന്നതായി നിയമസഭയിൽ സർക്കാർ അവകാശപ്പെട്ടതിനു പിന്നാലെ, 24 മണിക്കൂറിനിടെ ഉണ്ടായ രണ്ട് കാട്ടാന ആക്രമണങ്ങൾ ഈ വാദം പൊളിച്ചടുക്കുന്നതാണ് കാണുന്നത്. ഇടുക്കിയിലും വയനാട്ടിലുമാണ് ആനയുടെ ആക്രമണത്തിൽ രണ്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടത്. നാട്ടിൽ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രശ്‌നപരിഹാരത്തിന് നീക്കമെടുക്കുകയാണ്.
വയനാട്ടിലെ നൂൽപ്പുഴയിലാണ് ഏറ്റവും പുതിയ കാട്ടാന ആക്രമണം നടന്നത്. കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്. മാനുവും ഭാര്യയും കടയിൽ പോയി മടങ്ങി വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മാനുവിന്‍റെ ഭാര്യയെ കുറച്ചു മുന്‍പാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ഷാൾ മാത്രമായിരുന്നു ആദ്യം കണ്ടെത്താന്‍ സാധിച്ചത്. ഇന്ന് രാവിലെയാണ് നാട്ടുകാർ മാനുവിന്‍റെ മൃതദേഹം കണ്ടത്. മാനുവിന്‍റെ ഭാര്യയെ കണ്ടത്താന്‍ സാധിക്കാത്തതിനാല്‍ കാട്ടാന ആക്രമിച്ചിട്ടുണ്ടാകും എന്നാണ് കരുതിയത്. വിവരമറിഞ്ഞതിനെ തുടർന്ന് ഫോറസ്റ്റ് ഓഫീസർമാർ സ്ഥലത്തെത്തി. പ്രദേശവാസികൾ വലിയ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. വിഷയത്തില്‍ നിരവധി തവണയാണ് നാട്ടുകാര്‍ വനംവകുപ്പിന്‍റെ ശ്രദ്ധ കൊണ്ടുവരുവാന്‍ ശ്രമിച്ചത്. എന്നാല്‍ ജീവനുകള്‍ നഷ്ടമാകുന്നത് തുടര്‍ക്കഥ ആകുന്നതല്ലാതെ മറ്റൊരു നടപടിയും സര്‍ക്കാരും വനം വകുപ്പും എടുക്കുന്നില്ല. അതിനാല്‍ തന്നെയാണ് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം ആളിക്കത്തിച്ചിരിക്കുന്നത്.
ഇടുക്കിയിലെ പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തൻവീട്ടിൽ നിന്നുള്ള സോഫിയ ആണ് കാട്ടാനയുടെ മറ്റൊരു ആക്രമണത്തിൽ ഇരയായത്. കാണാതായതിനെ തുടർന്ന് ഭർത്താവ് ഇസ്മായിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരിട്ട് കണ്ട് ആന ശല്യത്തെക്കുറിച്ച് ഇസ്മായിൽപരാതിപ്പെട്ടിരുന്നു. സോളാർ വേലി സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ ഫോറസ്റ്റ് അധികൃതർ അയഞ്ഞ നിലപാട് തുടരുകയായിരുന്നെന്ന് ഇസ്മായിൽ ആരോപിക്കുന്നു.
വന്യമൃഗ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികൾ വ്യാപകമായി പ്രതിഷേധിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ സർക്കാർ ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഒതുക്കി തീർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, വന്യമൃഗ ആക്രമണങ്ങൾ അടക്കി നിർത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം.