തിരുവനന്തപുരം: കിഫ്ബി വെന്റിലേറ്ററിലെന്നും എപ്പോൾ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. കിഫ്ബിയുടെ മറവിൽ കേരളത്തിൽ കെ. ടോൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്തു. കടത്തിന്റെ കാണാക്കയത്തിലേക്ക് കിഫ്ബി കേരളത്തെ എത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കുറ്റപ്പെടുത്തി .
സംസ്ഥാനത്ത് തേനും പാലും ഒഴുക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച കിഫ്ബി ഇന്ന് ട്രിപ്പും ബുസ്റ്റും കൊടുത്ത് കിടത്തിയിരിക്കുന്ന അവസ്ഥയിലാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണനുമതി തേടിയ റോജി എം. ജോൺ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങളുടെ ബാധ്യതയായി കിഫ്ബി മാറിയിരിക്കുകയാണെന്നും, കിഫ്ബിയുടെ മറവിൽ
കേരളത്തിൽ കെ. ടോൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/share/v/18b9FCyj7v/
കടത്തിന്റെ കാണാക്കയത്തിലേക്ക് കിഫ്ബി കേരളത്തെ എത്തിച്ചെന്നും സംസ്ഥാനത്തിന്റെ ബജറ്റിന് മുകളിലുള്ള ബാധ്യതയായി കിഫ്ബി മാറിയെന്നും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. കിഫ്ബി വെന്റിലേറ്ററിലെന്നും
എപ്പോൾ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. പതിവുപോലെ കേന്ദ്രത്തെ പഴിചാരി തടിയൂരുവാനുള്ള ശ്രമമാണ് ധനമന്ത്രി കിഫ്ബി വിഷയത്തിലും സ്വീകരിച്ചത്. അടിയന്തര പ്രമേയത്തിന് അവതരണനുമതി നിഷേധിച്ചതിനെ തുടർന്ന് ശക്തമായ വാദമുഖങ്ങൾ ഉയർത്തിയ ശേഷം പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.