ഗസ്റ്റ് അധ്യാപക നിയമനം: സിപിഎമ്മി ന് തിരിച്ചടി

Jaihind News Bureau
Saturday, February 8, 2025

തിരുവനന്തപുരം: കേരള സർവകലാശാലയിൽ പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സിൽ പഠിപ്പിക്കുവാൻ ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസ്സർ) തെരഞ്ഞെടുക്കുന്നതിനുള്ള ഇന്‍റർവ്യുബോർഡിൽ സിൻഡിക്കേറ്റ് സ്ഥിരംസമിതി കൺവീനറും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെ. എസ്.ഷിജുഖാന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയത് സിപിഎമ്മിന് തിരിച്ചടിയായി.

ഇന്റർവ്യു കമ്മിറ്റി ചെയർമാനായി വിസി ഡോ: മോഹനൻ കുന്നുമ്മേൽ നിർദ്ദേശിച്ച സീനിയർ വനിതാ പ്രൊഫസ്സറെ ഒഴിവാക്കിയാണ് സിണ്ടിക്കേറ്റ് ഷിജുഖാനെ ഇന്റർവ്യൂ ബോർഡിൽ നിയോഗിച്ചത്. ഇന്‍റർവ്യു കമ്മിറ്റി തയ്യാറാക്കിയ റാങ്ക് പട്ടിക അംഗീകരിക്കാൻ വിസി വിസമ്മതിച്ചു വെങ്കിലും സിൻഡി ക്കേറ്റ് ഭൂരിപക്ഷഅംഗങ്ങളുടെ പിന്തുണയോടെ പട്ടിക അംഗീകരിക്കുകയായിരുന്നു.

യുജിസി നിബന്ധനപ്രകാരം വിസിയോ,  സീനിയർ പ്രൊഫസ്സർ പദവിയിലുള്ള വിസി ചുമതലപ്പെടുത്തുന്ന അദ്ധ്യാപകനോ ആയിരിക്കണം ഇൻറർവ്യൂ ബോർഡിന്‍റെ ചെയർമാൻ. സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്ന് യുജി സി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അനധ്യാപകരായ സിണ്ടിക്കേറ്റ് അംഗങ്ങൾ അധ്യാപക ഇന്റർവ്യൂബോർഡിൽ പങ്കെടുക്കുന്നത് യുജിസി വിലക്കിയിട്ടുമുണ്ട്.

ഷിജുഖാനെ വിദ്യാഭ്യാസ വിദഗ്ധൻ എന്ന നിലയിലാണ് സർക്കാർ ‘കേരള’സിണ്ടിക്കേ ട്ടിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്.’കേരള’യിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് 500 ഓളം പേരാണ് അപേക്ഷകരായുണ്ടായിരുന്നത് .
നിയമിക്കപെടുന്നവർക്ക് നാലു വർഷ ബിരുദ കോഴ്സിന്റെ നിലവിലെ ബാച്ച് പൂർത്തിയാകുന്നത് വരെ തുടരാനാവും. ഗസ്റ്റ്‌ അധ്യാപന പരിചയം ഭാവിയിൽ റെഗുലർ നിയമനത്തിനുള്ള മുൻപരിചയമായി കണക്കിലെടുക്കാനുമാവും.
ഇപ്പോൾ 16 ഒഴിവുകളിലേയ്ക്കാണ് നിയമനമെങ്കിലും നാല് വർഷത്തിനുള്ളിൽ 50 ഓളം പേരെ സർവ്വകലാശാലയ്ക്ക് നിയമിക്കേണ്ടിവരും . 75000 വരെ പ്രതിമാസം ശമ്പളമായി ലഭിക്കും.

കേരള സർവകലാശാല   ക്യാമ്പസിൽ നേരിട്ട് നടത്തുന്ന നാല് വർഷ ബിരുദ കോഴ്സുകളുടെ പരീക്ഷ നടത്തിപ്പിന്റെയും, ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെയും, ഇന്റെണൽ മാർക്ക് നൽകുന്നതിന്റെയും, മൂല്യനിർണയത്തിന്റെയും പൂർണ്ണ ചുമതല പുതുതായി നിയമിക്കപ്പെടുന്ന ഗസ്റ്റ്‌ അധ്യാപകർക്കാ യതുകൊണ്ട് , തങ്ങൾക്ക് സ്വാധീനമുള്ളവരെ അധ്യാപകരായി നിയമിക്കുക എന്ന ലക്ഷ്യമാണ് ഡി. വൈ.എഫ്.ഐ നേതാവിനെ ഇന്റർവ്യൂകമ്മിറ്റിചെയർമാനായി നിയമിച്ചതിനു പിന്നിലെന്നും, റാങ്ക് പട്ടിക അംഗീകരിക്കരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആക്ഷേപം ഉന്നയിച്ചിരുന്നു. അതിനിടെയാണ് ഹൈക്കോടതി ജസ്റ്റിസ് എൻ. നാഗരേഷ് റാങ്ക് പട്ടിക റദ്ദാക്കിയത്. UGC ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് പുതിയ റാങ്ക് പട്ടിക സർവ്വകലാശാലയ്ക്ക് തയ്യാറാക്കാമെന്നും വിധിന്യായത്തിൽ പറയുന്നു.