‘പ്ലാസ്റ്റിക് ഉപയോഗം കൂട്ടും ; പേപ്പർ സ്ട്രോകൾ വ്യാപകമാക്കാനുള്ള ബൈഡന്‍റെ തീരുമാനം മണ്ടത്തരം’: ഡൊണാൾഡ് ട്രംപ്

Jaihind News Bureau
Saturday, February 8, 2025

Donald-Trump-Sad

വാഷിംഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവാദകരമായ പ്രഖ്യാപനവുമായി  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. പേപ്പർ സ്ട്രോകൾ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം എടുത്ത തീരുമാനം പരിഹാസ്യകരമാണെന്ന് ട്രംപ് ആരോപിച്ചു. “പ്ലാസ്റ്റിക്കിലേക്ക് തിരിച്ചുപോകൂ” എന്ന മുദ്രാവാക്യത്തോടെ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടി താൻ അടുത്തിടപാടുകളിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ട്രംപ് വ്യക്തമാക്കി.

2020ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനിടെ പ്രഖ്യാപിച്ച നിലപാടുകൾ തന്‍റെ രണ്ടാം വരവില്‍ നടപ്പാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ലോകമാകെ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ വിവിധ രാജ്യങ്ങൾ നടപടികൾ സ്വീകരിക്കുമ്പോഴും ട്രംപ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ , വീണ്ടും പ്രചോദിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭക്ഷ്യവ്യാപാര മേഖലയിലെയും വിതരണ ശൃംഖലകളിലെയും പ്ലാസ്റ്റിക് സ്ട്രോകൾ പതിയെ ഒഴിവാക്കാനായിരുന്നു ബൈഡൻ സർക്കാരിന്‍റെ പദ്ധതി. എന്നാല്‍, ഇത് റദ്ദാക്കുന്നതിനുള്ള നിർദേശം ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ട്രംപ് അറിയിച്ചു.

പേപ്പർ സ്ട്രോകളുടെ പ്രചാരണം “അസഹ്യമായ ഒരു തെറ്റിദ്ധാരണ” ആണെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെയും വേദികളിലൂടെയും കടുത്ത ഭാഷയിൽ വിമർശിച്ചു. 2020 തെരഞ്ഞെടുപ്പിനിടെ ട്രംപിന്‍റെ പ്രചാരണ സംഘത്തിന് ബ്രാൻഡഡ് പ്ലാസ്റ്റിക് സ്ട്രോകൾ വിതരണം ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അധികാരമേറ്റ ഉടൻ തന്നെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്‍മാറിയതിന്‍റെ തുടർച്ചയാണിതെന്നവകാശവാദവുമുണ്ട്.

ട്രംപിന്‍റെ പുതിയ പ്രഖ്യാപനത്തെ വിമർശിച്ച് നിരവധി പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, പരിസ്ഥിതി വിഷയങ്ങളിൽ മുൻപ് തന്നെ ട്രംപിനെ പിന്തുണച്ച ഇലോൺ മസ്ക്, ഈ നിലപാടിനെയും അനുകൂലിച്ചിരിക്കുകയാണ്.