കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷാ ചുമതല വഹിക്കുന്നതിനിടയില്‍ അനാവശ്യമായി ദീര്‍ഘകാലം സംഭാഷണത്തില്‍ പങ്കെടുത്ത രണ്ട് വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. കളമശ്ശേരി പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർമാരായ ഷബ്‌ന ബി കമാൽ, ജ്യോതി ജോര്‍ജ് എന്നിവർക്കെതിരെയാണ് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി നടപടിയെടുത്തത്. ജനുവരി 14-ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംഘടിപ്പിച്ച കോൺക്ലേവിനിടയിലാണ് സംഭവം ഉണ്ടായത്.
ഡ്യൂട്ടി സമയത്ത് ഷബ്‌ന ബി കമാലിനെ എക്‌സിബിഷൻ ഹാളിൽ സിവിൽ വേഷത്തിൽ സുരക്ഷ ചുമതല നൽകുകയും ജ്യോതി ജോർജിന് കോമ്പൗണ്ടിൽ മഫ്തി ഡ്യൂട്ടി നൽകുകയും ചെയ്തിരുന്നു. എന്നാല്‍, ചുമതല ലഭിച്ചിട്ടും ഇരുവരും സുരക്ഷയുടെ ഗൗരവം കണക്കിലെടുക്കാതെ അനാവശ്യമായി ദീര്‍ഘനേരം സംസാരിച്ചു സമയം ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും പങ്കെടുത്ത സാഹചര്യത്തിൽ സുരക്ഷാ വീഴ്ചയെ വലുതായി കാണേണ്ടതുണ്ടെന്നാണ് ഉദ്യോഗസ്ഥയുടെ ഉത്തരവിലെ വിശദീകരണം.
ഇരുവരുടെയും ഭാഗത്ത് നിന്നും കാണപ്പെട്ടത് ഗുരുതരമായ അജാഗ്രതയും കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.