സാധാരണക്കാരന് ഇരുട്ടടിയായി ഭൂനികുതി വർധിപ്പിച്ചും ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെയുമാണ് രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ്ണ ബഡ്ജറ്റ് സഭയിലവതരിപ്പിച്ചത്. ക്ഷേമപെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാതെ ഇക്കുറിയും സാധാരണക്കാരനെ വഞ്ചിച്ച സർക്കാർ കോടതി ഫീസും ഇലക്ട്രിക് കാറുകളുടെയും 15 വർഷം കഴിഞ്ഞ് വാഹനങ്ങളുടെയും നികുതി വർദ്ധിപ്പിച്ചു. മുൻകാല ബഡ്ജറ്റുകളെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം കുത്തിനിറച്ച് തനിയാവർത്തനമായി മാറിയ ബഡ്ജറ്റിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്.
രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്ജറ്റിൽ അതിഭീകരമായ നികുതിഭാരം സാധാരണക്കാരുടെ തലയിൽ അടിച്ചേൽപ്പിച്ച കെ എൻ ബാലഗോപാൽ ഇക്കുറി അന്ന് കൈവയ്ക്കാത്ത മേഖലകളിലെ നികുതികൾ കൂടി സാധാരണക്കാരന്‍റെ മേൽ ഇക്കുറി ചുമത്തുകയായിരുന്നു. കിഫ്ബി ടോൾ പിരിക്കുമെന്ന് സൂചന നൽകിയ ബാലഗോപാൽ ഭൂനികുതി കുത്തനെ കുട്ടിയും കോടതി ഫീസ് വർദ്ധിപ്പിച്ചും സാധാരണക്കാരന് അധികഭാരം ചുമത്തി. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന ക്ഷേമപെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാതെ ഇക്കുറിയും സാധാരണക്കാരനെ വഞ്ചിച്ച സർക്കാർ ഇലക്ട്രിക് കാറുകളുടെയും 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെയും നികുതി
വർദ്ധിപ്പിച്ചു.
ജനപ്രിയമായ ഒരു പദ്ധതി പോലും പ്രഖ്യാപിക്കാതെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം കുത്തിനിറച്ച് മുൻ ബഡ്ജറ്റുകളുടെ തനിയാവർത്തനമായി ബജറ്റ് അവതരണം മാറുകയായിരുന്നു. കേരളത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടു എന്ന ബഡ്ജറ്റിലെ ധനമന്ത്രിയുടെ കാപട്യം നിറഞ്ഞ ആദ്യ വാചകത്തെ കടന്നാക്രമിച്ചു കൊണ്ടാണ് പ്രതിപക്ഷം ബഡ്ജറ്റിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയത്. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധങ്ങൾ കടുത്തതോടെ അവരുടെ ക്ഷമബത്ത കുടിശ്ശികയിൽ ചെറിയ ആശ്വാസം പ്രഖ്യാപിച്ച ധനമന്ത്രി പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയാണ് അനുവദിച്ചത്. വിഴിഞ്ഞത്തെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ഇതിനു അനുബന്ധമായ ചില പദ്ധതികളും പ്രഖ്യാപിച്ചു. ജനപ്രിയ പദ്ധതികൾ ഇല്ലാതെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് അമിതഭാരം അടിച്ചേൽപ്പിച്ച ബജറ്റിനെതിരെ കനത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.