വയനാട് ഉരുള്‍പൊട്ടല്‍: ആദ്യഘട്ടത്തില്‍ പുനരധിവാസത്തിന് 750 കോടി രൂപ; കേന്ദ്രത്തെ പഴിചാരി പിണറായി സർക്കാർ

Jaihind News Bureau
Friday, February 7, 2025

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രാഥമികഘട്ടത്തിലായാണ് ഈ തുക അനുവദിക്കുന്നത് എന്നാണ് മന്ത്രിയുടെ വിശദീകരണം. പദ്ധതിക്ക് ആവശ്യമായ ഫണ്ടുകള്‍ സി.എം.ഡി.ആര്‍.എഫ് , സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, പൊതു-സ്വകാര്യ പങ്കാളിത്തങ്ങള്‍, സ്പോൺസർഷിപ്പുകള്‍ എന്നിവയിലൂടെ സമാഹരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

വയനാട് ഉരുള്‍പൊട്ടലിൽ 1202 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സര്‍ക്കാര്‍ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 254 ജീവനുകളാണ് ഉരുള്‍പൊട്ടലിൽ നഷ്ടപ്പെട്ടത്.  ഇതുവരെയും 44 പേരെ കണ്ടെത്താനായിട്ടില്ല.  207 വീടുകൾ പൂര്‍ണ്ണമായും തകർന്നു. ആയിരക്കണക്കിന് ആളുകളുടെ ഉപജീവന മാർഗങ്ങൾ നഷ്ടപ്പെടാൻ കാരണമായി. വിദഗ്ധസംഘം നടത്തിയ പഠനപ്രകാരം, പുനരധിവാസത്തിനായി ആകെ 2221 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 750 കോടി ആദ്യഘട്ട തുകയായിരിക്കുമ്പോഴും, തുകയുടെ ശേഷിച്ച ഭാഗം എങ്ങനെയാണ് കണ്ടെത്തേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തത ഇല്ലാത്തത് ചോദ്യംചെയ്യപ്പെടുന്നുണ്ട്.

പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് ജനങ്ങളുടെ സഹകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ധനമന്ത്രി പറഞ്ഞത്. ഇതേസമയം, കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെതിരെ മന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. കേന്ദ്ര ബജറ്റില്‍ വയനാടിന് ഒരു രൂപ പോലും അനുവദിച്ചില്ലെന്നത് സംസ്ഥാനത്തിനോടുള്ള അവഗണനയുടെ ഉദാഹരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വയനാടിന്റെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച പദ്ധതി ദുരന്തബാധിതർക്ക് ആശ്വാസം നല്‍കുമെങ്കിലും, മുഴുവൻ പുനരധിവാസ ചെലവ് എങ്ങനെയാണ് സർക്കാർ കണ്ടെത്താനിടയാക്കുക എന്നത് ഒരു വലിയ ചോദ്യം തന്നെ ആണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക പങ്കിടലിന്‍റെ അഭാവം പദ്ധതി നടപ്പിലാക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കുമോയെന്ന് ഇനി കാലം തെളിയിക്കും.