കൊല്ലത്തെയും കണ്ണൂരിനെയും കേന്ദ്രീകരിച്ച് ബജറ്റ്: രാഷ്ട്രീയ വികസനമോ? നാടിനോടുള്ള കരുതലോ?

Jaihind News Bureau
Friday, February 7, 2025


തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ രണ്ടാം സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനം  നിയമസഭയിൽ പുരോഗമിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണ് കേരളം എന്നതാണ് ബജറ്റിന്‍റെ മുഖ്യ സന്ദേശം. എന്നാൽ, കൊല്ലത്തെയും കണ്ണൂരിനെയും മാത്രമായി പരിഗണിച്ചുകൊണ്ടാണ് കേരള ബജറ്റ് മുന്നേറുന്നത്. മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം. പ്രത്യേകമായി, ഈ പ്രഖ്യാപനങ്ങള്‍ പരിശോധിക്കുന്നത് രാഷ്ട്രീയമായ സാഹചര്യത്തെയും വികസന പ്രവണതകളെയും കൂടി വ്യക്തമാക്കുന്നു.

ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ സ്വന്തം ജില്ലയായ കൊല്ലം, ബജറ്റിൽ പ്രത്യേക ശ്രദ്ധ നേടി മുന്നേറുകയാണ്.കൊല്ലത്ത് ഫുഡ് പാർക്കിന് 5 കോടി, ശാസ്താംകോട്ട ടൂറിസത്തിന് ഒരു കോടി, കൊല്ലത്തും കൊട്ടാരക്കരയിലും ഐ.ടി പാർക്കുകള്‍, വിഴിഞ്ഞം കൊല്ലം പുനലൂർ വികസന ത്രികോണ പദ്ധതി തുടങ്ങി പ്രത്യേക കരുതലാണ് ജന്മനാടിനോട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം ജില്ലയായ കണ്ണൂരിനുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ വികസന പ്രതീക്ഷകൾക്ക് പുതിയ ചൈതന്യം നൽകുന്നതായിരുന്നു. ധർമടത്ത് 133 കോടിയുടെ ഗ്ലോബൽ ഡയറി വില്ലേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകള്‍ക്ക് മുഴുവനായി കൊടുത്തിരിക്കുന്ന വാഗ്ദാനങ്ങളില്‍ പോലും ഇത്രയും പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ല.

കൊല്ലത്തെയും കണ്ണൂരിനെയും ഒരു രാഷ്ട്രീയ കേന്ദ്രബിന്ദുവാക്കി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സർക്കാർ പിന്തുണ ഉറപ്പിക്കാൻ തയാറാക്കിയതെന്ന രാഷ്ട്രീയ വിമർശനങ്ങളുണ്ട്. കേരളത്തിന്‍റെ സമഗ്ര വികസനം എന്നതിലേക്കുള്ള കേന്ദ്ര വഞ്ചന കാണിക്കാൻ ബജറ്റ് പ്രസംഗം ഉപയോഗിച്ചുവെങ്കിലും, പ്രാദേശിക തലത്തിൽ കൂടുതൽ പദ്ധതികൾ പുനർപരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുമെന്ന്  വിലയിരുത്തുന്നു. ഒപ്പം,  കിഫ്ബി പദ്ധതികളിലൂടെ നികുതി ചുമതലകൾ ജനങ്ങളിലേക്ക് തള്ളുകയാണ് സർക്കാരിന്‍റെ യഥാർത്ഥ ലക്ഷ്യമെന്നുമുള്ള ആക്ഷേപവും ഇതോടൊപ്പം  ഉയർന്നുവരുന്നു. ധനമന്ത്രിയും മുഖ്യമന്ത്രിയും കൊല്ലത്തെയും കണ്ണൂരിനെയും പ്രതിനിധീകരിക്കുന്ന സാഹചര്യത്തിൽ, ബജറ്റിൽ ഈ ജില്ലകൾക്ക് ലഭിച്ച പ്രത്യേക പരിഗണന അവകാശവാദങ്ങളും വിമർശനങ്ങളും ഒരുപോലെ ഉണർത്തിയിരിക്കുന്നു. ബജറ്റിന്‍റെ വാസ്തവ പ്രഭാവം പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ഇനി വാക്കുകൾക്കുപകരം പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്‍റെ അടിത്തറ.