തിരുവനന്തപുരം : ധന പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടംതിരിയുന്നതിനിടയില് പുതിയ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നാളെ ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും അതിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്നതിതിനായി കടലാസ് പദ്ധതികളും വാഗ്ദാനങ്ങളുമൊക്കെ കുത്തി നിറച്ചാകും ഇക്കുറി ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. കിഫ്ബി സംസ്ഥാനത്തിന് കടുത്ത ബാധ്യതയായി മാറുകയും ടോള്‍ വിവാദം ആളിക്കത്തുകയും ചെയ്യുന്നതിനിടയിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്.സമീപകാലത്ത് ഒന്നും കൈപിടിച്ചുയര്‍ത്താനാകാത്ത വിധം സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി നില്ക്കുന്ന സംസ്ഥാനത്തെ ധന പ്രതിസന്ധിയില്‍ ഒരു പരിധിവരെ പിടിച്ചുനില്ക്കുവാന് എന്തൊക്കെ ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നാണ് കണ്ടറിയേണ്ടത്.
തിരഞ്ഞെടുപ്പ് വേളയായതിനാല്‍ നികുതിയേതര വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാകും ബജറ്റ് അവതരിപ്പിക്കുക.അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് സേവനങ്ങള്‍ക്കുള്ള ഫീസും പിഴയും കൂട്ടിയേക്കും .കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചെങ്കിലും വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖ വികസനത്തിനും കൂടുതല്‍ ഊന്നല്‍ നല്കുന്ന പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റില്‍ ഉണ്ടാകും.എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയേണ്ടതാണ്.തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്ഷേമപെന്ഷന് വര്‍ധിപ്പിക്കാനുള്ള നിക്കവും ധനമന്ത്രി നടത്തിയേക്കും .സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ക്ഷേമ പെന്ഷന് തട്ടിയെടുത്ത സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും ബഡ്ജറ്റില്‍ ഉണ്ടാകും. പ്രതിമാസം പെന്ഷന് കൈപ്പറ്റുമ്പോള്‍ തന്നെ മസ്റ്ററിങ് ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള നിബന്ധനകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
അതെസമയം രണ്ടാം പിണാറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ആണ് ഇക്കുറി ധനമന്ത്രി അവതരിപ്പിക്കുന്നത്. കിഫ്ബി സംസ്ഥാനത്തിന് കടുത്ത ബാധ്യതയായി മാറുകയും ടോള്‍ വിവാദം ആളിക്കത്തുകയും ചെയ്യുന്നതിനിടയിലാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ബ്രുവറി മദ്യനയ വിവാദവും സ്വകാര്യ സര്‍വ്വകലാശാല നയം മാറ്റവും ഉള്‍പ്പെടെ കത്തി പടരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഒക്കെയുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ ബജറ്റ് പ്രഖ്യാപനത്തില്‍ കൂടുതല്‍ വെളിപ്പെടും.