”രണ്ടു കേന്ദ്ര മന്ത്രിമാരും കേരളത്തിന് ശാപം’: കെ. മുരളീധരൻ

Jaihind News Bureau
Tuesday, February 4, 2025

ബിജെപി നേതാക്കളും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരുമായ  ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന് ശാപമായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ കടുത്ത വിമർശനം ഉന്നയിച്ചു. സുരേഷ് ഗോപിയുടെ ‘ഉന്നതകുല ജാതർ’ എന്ന പരാമർശം സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. “എന്താണ് ഉന്നതകുല ജാതനെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല,” മുരളീധരൻ കൂട്ടിച്ചേർത്തു.

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് മുരളീധരൻ പ്രതികരിച്ചു. “സീറ്റ് തിരിച്ചുപിടിക്കണം, അതാണ് പ്രധാന കാര്യം. തൃശ്ശൂർ തിരഞ്ഞെടുപ്പ് തോൽവിയിൽ ഞാൻ പരാതി പറഞ്ഞിട്ടില്ല. വസ്തുതകൾ മനസ്സിലാക്കാതെ മത്സരിച്ചതാണ് എന്‍റെ തെറ്റ്. ആരുടെയും തലയിൽ കുറ്റം ചാർത്താനില്ല. അതിനാൽ അന്വേഷണം ആവശ്യപ്പെട്ടില്ല,” അദ്ദേഹം വ്യക്തമാക്കി.

“നഷ്ടപ്പെട്ട സീറ്റ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കണം. ടി.എൻ. പ്രതാപൻ തന്നെ മത്സരിച്ചാൽ മാത്രമേ സീറ്റ് തിരിച്ചുപിടിക്കാൻ കഴിയൂ എന്നതാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം,” മുരളീധരൻ പറഞ്ഞു. മുരളീധരന്‍റെ ഈ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയും ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.