ജനവാസ മേഖലയില്‍ വീണ്ടും പുലി ഇറങ്ങി; ഭയന്ന് ജീവിച്ച് നാട്ടുകാർ

Jaihind News Bureau
Tuesday, February 4, 2025

മലപ്പുറം: പെരിന്തൽമണ്ണ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പുലി ഓടി മറയുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നു. വനം വകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ മണ്ണാർമലയിലാണ് പുലിയിറങ്ങിയത്. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. ഇന്നലെ രാത്രി 10.30-ഓടെയാണ് പുലിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. ദൃശ്യങ്ങളിൽ നിന്ന് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പതിവായി ഇവിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പട്ടിക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തായി പുലിയെ കണ്ടിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

നാട്ടുകാരാണ് പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. കൊടിക്കുത്തി മലയുടെ സമീപത്തുള്ള ചെറിയ കാടുകളോടുകൂടിയ ജനവാസമേഖലയോട് ചേർന്ന് കിടക്കുന്ന മേഖലയിലാണിത്. പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ കൂട് സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.