കേരളത്തില്‍ ബി.ജെ.പിയെ എതിർക്കുന്നതില്‍ പാര്‍ട്ടിക്ക് കരുത്തില്ലെന്ന് കരട് രാഷ്ട്രീയപ്രമേയം. ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ കരട് രാഷ്ട്രീയപ്രമേയത്തിലാണ് ഈ നിര്‍ണായക നിരീക്ഷണം കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് പ്രകടമായെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. ‘ഇന്ത്യ സഖ്യവുമായി പാര്‍ലമെന്‍റില്‍ സഹകരണം തുടരുംമെന്നും 75 വയസ്സ് പ്രായപരിധി തുടരുമെന്നും’ പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കി. പിണറായി വിജയന് ഇളവ് കൊടുത്തത് മുഖ്യമന്ത്രി ആയതിനാല്‍ മാത്രമെന്നും ഇളവ് തുടരണോ വേണ്ടയോ എന്നതില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തന്നെ തുടരും എന്ന കാര്യത്തിലും വ്യക്തയായി. രണ്ടാം തവണയാണ് ജയരാജൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും നിലനില്‍ക്കുന്നു. പുതിയ 9 അംഗങ്ങൾ ഉൾപ്പെടെ 50 അംഗ ജില്ലാ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി , പ്രസിഡന്‍റ് മുഹമ്മദ് അഫ്സൽ, തുടങ്ങിയ 9 പേരാണ് പുതിയതായി ചേർന്നവർ.
നിലവിൽ ആയിരുന്ന വി കുഞ്ഞികൃഷ്ണൻ, എം വി നികേഷ് കുമാർ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. പയ്യന്നൂർ വിഭാഗീയതയിൽ നടപടി നേരിട്ട വ്യക്തിയായിരുന്നു വി കുഞ്ഞികൃഷ്ണൻ . അതേസമയം മുൻ തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല എന്നതും ചർച്ചാവിഷയമായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വെച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജയിംസ് മാത്യൂ സ്വയം ഒഴിവാകുകയായിരുന്നു. അതിനാലാവാം അദ്ദേഹത്തെ ക്ഷണിക്കാതെ ഇരുന്നത്.