എന്ത് വിധിയിത്?….50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള റോഡുകളില്‍ ഇനി കിഫ്ബി ടോള്‍

Jaihind News Bureau
Monday, February 3, 2025

തിരുവനന്തപുരം: കേരളത്തിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡുകളിൽ ടോൾ ഈടാക്കാനുള്ള സർക്കാർ നീക്കം ശക്തമാകുന്നു. 50 കോടി രൂപയ്ക്കുമേൽ ചെലവാക്കിയ റോഡുകളിൽ മാത്രമായിരിക്കും ടോൾ സംവിധാനം കൊണ്ടുവരിക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിതല സമിതിയാണ് ഇതിന് അംഗീകാരം നൽകിയത്. നിയമ, ധന മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. വിഷയം ഉടൻ മന്ത്രിസഭയുടെ അന്തിമ തീരുമാനത്തിനായി കൊണ്ടുപോകും.കിഫ്ബിയുടെ വായ്പ, സംസ്ഥാനത്തിന്‍റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയതോടെ, സാമ്പത്തിക ബാധ്യത ഉയർന്നതാണ് ഈ മാറ്റത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. വായ്പാ പരിധി കുറച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇപ്പോള്‍  ദേശീയപാത അതോറിറ്റിയുടെ മാതൃകയിൽ കിഫ്ബിയും ടോൾ പിരിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ,  യാത്ര ദൂരത്തിന് അനുസരിച്ച് ടോൾ കണക്കാക്കും എന്നുള്ളതാണ് ഇവിടെ വ്യത്യാസം.

തദ്ദേശവാസികൾക്ക് ടോൾ ഒഴിവാക്കുന്നതാണ് ഇപ്പോൾ ആലോചിക്കുന്ന തീരുമാനം. നിലവിൽ, കിഫ്ബി ഇതുമായി ബന്ധപ്പെട്ട പഠനം ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാർ കിഫ്ബിയുടെ കടം അധിക ബാധ്യതയെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, ഇതിനെ മറികടക്കാനാണ് ടോൾ മാർഗം തൊടുന്നത്. ദേശീയപാത അതോറിറ്റിയുടെ ടോൾ വരുമാനമാണ് കേന്ദ്രം മാതൃകയായി മുന്നോട്ടുവെച്ചത്. അതേസമയം, കിഫ്ബി വായ്പ തിരിച്ചടക്കാൻ ഇപ്പോൾ ഉപയോഗിക്കുന്നത് ഇന്ധന സെസ്സും മോട്ടോർ വാഹന നികുതിയുടെ ഒരു ഭാഗവുമാണ്.

റോഡ് വികസനത്തിനായി അധിക വരുമാന ഉറവിടം തേടേണ്ടതിന്‍റെ അനിവാര്യതയിലാണ് സർക്കാർ ഈ നീക്കമെടുക്കുന്നതെന്നാണ് വിശദീകരണം. എന്ത് തന്നെയായാലും പൊതുജനത്തെ ദ്രോഹിക്കുന്ന തരത്തില്‍ ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകും എന്നുള്ള ധാരണയില്‍ തന്നെ വേണം ജനം ജീവിക്കാന്‍.