തിരുവനന്തപുരം: നടി നല്കിയ ലൈംഗിക പീഡന പരാതിയില്‍ എം.എല്‍.എ മുകേഷിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ വിവാദം ശക്തമാകുന്നു. ഡിജിറ്റല്‍ തെളിവുകളടക്കം വിശദമായി പരിശോധിച്ച ശേഷമാണ് പീഡനം നടന്നതായി അന്വേഷണസംഘം കണ്ടെത്തിയത്. ഇതിനെതിരെ വിമര്‍ശനം ഉയരുമ്പോഴും സിപിഎമ്മിലെ പ്രമുഖ വനിതാ നേതാക്കള്‍ മുകേഷിനെ പൂര്‍ണമായും ന്യായീകരിക്കാനാണു ശ്രമിക്കുന്നത്. വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി, മുതിര്‍ന്ന നേതാവ് പി.കെ. ശ്രീമതി എന്നിവരും അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
“കോടതി ശിക്ഷ വിധിച്ചാല്‍ മാത്രം എം.എല്‍.എ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെടേണ്ടതുള്ളു എന്ന് പി. സതീദേവി വ്യക്തമാക്കി. “ധാര്‍മിക ഉത്തരവാദിത്വം ഓരോ വ്യക്തിയുടെയും വിഷയമാണ്. അതിനാല്‍ രാജിവയ്ക്കണമോ എന്നത് മുകേഷ് തന്നെ തീരുമാനിക്കേണ്ടതാണ്,” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മുകേഷിനെ സംരക്ഷിക്കാനില്ല. അതുവരെ ഈ വിഷയത്തില്‍ ചര്‍ച്ച തുടരേണ്ടതില്ല. പാര്‍ട്ടിയും സര്‍ക്കാരും ഇരയ്ക്കൊപ്പമാണ്” എന്നാണ് കക്ഷി നിലപാടുകള്‍ സംബന്ധിച്ച് പി.കെ. ശ്രീമതി പറഞ്ഞത്.
മുകേഷിനെതിരായ കേസ് രാഷ്ട്രീയമായി ചൂടുപിടിക്കുന്ന സാഹചര്യത്തില്‍, ഇതിനെ സിപിഎമ്മിന്റെ ആഭ്യന്തരപ്രശ്നമായി കാണേണ്ട ഒന്നാണ്.അതേസമയം, പ്രതിയെ സംരക്ഷിക്കാനുള്ള നീക്കം ഉണ്ടോയെന്നുള്ള ചോദ്യവും പ്രതിപക്ഷം ശക്തമാക്കുകയാണ്.