കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം ; സര്‍ക്കാര്‍ അവഗണനക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം

Tuesday, January 14, 2025


കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധം. വലയുന്ന രോഗികള്‍ക്ക് മരുന്നെത്തിക്കുക, മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡിസിസി പ്രസിഡന്റ് എ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മൂന്നു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം നിലച്ചതോടെ രോഗികള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.ഡയാലിസിസിന് എത്തുന്ന രോഗികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കാരുണ്യ മെഡിക്കല്‍ ഷോപ്പുകളില്‍ പോലും ഡയാലിസിസ് മരുന്നുകള്‍ കിട്ടാനില്ലെന്നതാണ് പ്രതിസന്ധി കൂട്ടുന്നത്.

മരുന്ന് വിതരണക്കാര്‍ക്ക് എണ്‍പതു കോടി രൂപയിലധികം കുടിശ്ശിക നല്‍കാനുണ്ട് .ഇതോടെ മെഡിക്കല്‍ കോളേജിലേക്കുളള മരുന്ന് വിതരണം വിതരണക്കാര്‍ നിര്‍ത്തി.ഇപ്പോള്‍ പുറത്തെ സ്വകാര്യ ഷോപ്പുകളില്‍ നിന്നും മരുന്ന് വാങ്ങേണ്ട സ്ഥിതിയിലാണ് രോഗികള്‍ .പലര്‍ക്കും ഇതിനുളള സാമ്പത്തികം ഇല്ലെന്നതാണ് മറ്റൊരു പ്രശ്‌നം.അതെസമയം മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രതിപക്ഷം.