പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

Jaihind Webdesk
Monday, January 13, 2025

തൃശൂർ: പീച്ചി ഡാം ജലസംഭരണി കാണാൻ പോയ വിദ്യാർത്ഥിനി മുങ്ങി മരിച്ച സംഭവം അത്യന്തം വേദനാജനകം. റിസർവോയറിന്‍റെ കൈവഴിയിൽ വെള്ളത്തിൽ മുങ്ങി അലീന എന്ന 16കാരിയാണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്‍റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് ഡാമിലേക്ക് വീണത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു എത്തിയതായിരുന്നു കൂട്ടുകാർ. ഡാമിലെ ജലസംഭരണി കാണുമ്പോഴാണ് അപകടമുണ്ടാവുന്നത്.  പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെയായതിനാൽ ഈ ഭാഗത്ത് ആഴം കൂടുതലും അപകട മേഖലയുമാണ്.

അഞ്ചു പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ആംബുലൻസ് ഡ്രൈവർമാരും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി.

അതേസമയം അലീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ 12.30ന്  മരിക്കുകയായിരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകളാണ് അലീന. പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), മുരിങ്ങത്തു പറമ്പിൽ ബിനോജ് – ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവരാണ‍് അപകടത്തിൽപെട്ട കുട്ടികൾ. ഉടന്‍ തന്നെ അപകടത്തില്‍പ്പെട്ടവരെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു എന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്നും അധികൃതർ അറിയിച്ചു.