കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം; ആക്രിക്കട കത്തി നശിച്ചു, ആളപായമില്ല

Jaihind Webdesk
Monday, January 13, 2025

 

കോഴിക്കോട്: പെരുമണ്ണയില്‍ വന്‍ തീപിടിത്തം. ആക്രിക്കടയിലും സമീപത്തുള്ള ഹോട്ടലിലുമാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തി  തീയണക്കുകയായിരുന്നു. അതേസമയം തീപിടിത്തം അറിഞ്ഞ് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ 2 മണി യോടെയാണ് തീപിടുത്തം ഉണ്ടായത്. പെരുമണ്ണ അങ്ങാടിക്ക് സമീപം മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് തീപിടിച്ചത്. ശബ്ദവും വെളിച്ചവും കണ്ട് തൊട്ടടുത്ത കച്ചവടക്കാരനാണ് തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.

ആദ്യം ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ബീച്ച്,വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി. അഞ്ച് മണിയോടെയാണ് തീ ഏറെക്കുറെ നിയന്ത്രണ വിധേയമായത്. ആക്രിക്കടയിൽ ആക്രി സാധനങ്ങൾ ധാരാളം സ്റ്റോക്ക് ഉണ്ടായതിനാൽ തീ നിയന്ത്രിക്കുക വലിയ പ്രതിസന്ധിയായിരുന്നു.

പിന്നീട് ജെസിബി സ്ഥലത്തെത്തിച്ച് സാധനങ്ങൾ നീക്കിയതോടെയാണ് തീ നിയന്ത്രിക്കാൻ ആയത്. തൊട്ടടുത്ത് മറ്റ് കടകൾ ഉണ്ടെങ്കിലും അങ്ങോട്ടേക്കൊന്നും തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. തീപിടുത്തത്തിൽ ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.