ജി. സുധാകരനെ ഒതുക്കാന്‍ സിപിഎമ്മിന്‍റെ പുതിയ നീക്കം: സുധാകര വിരുദ്ധരെ കുത്തിനിറച്ചാണ് പുതിയ ജില്ലാ കമ്മിറ്റി

Jaihind Webdesk
Sunday, January 12, 2025

ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. മുതിര്‍ന്ന നേതാവ് ജി. സുധാകരനെ മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ ജില്ലാ കമ്മിറ്റിയുടെ രൂപവത്കരണം. സുധാകര വിരുദ്ധ നിലപാടുള്ള നേതാക്കളെ കുത്തിനിറച്ചാണ് കമ്മിറ്റിയുടെ പുതിയ രൂപം. ആര്‍. നാസര്‍ വീണ്ടും ജില്ലാ സെക്രട്ടറിയായി തുടരും. കൂടാതെ, യു. പ്രതിഭ എംഎല്‍എ അടക്കമുള്ള നാല് പുതുമുഖങ്ങള്‍ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെക്കപ്പെട്ടു.

ഹരിപ്പാട് നടന്ന സമ്മേളനത്തില്‍ എംഎല്‍എമാരായ യു. പ്രതിഭ, എം.എസ്. അരുണ്‍കുമാര്‍, കൂടാതെ മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിപ്പിച്ചു. ഏരിയ നേതാക്കളും സുധാകര പിന്തുണക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ വിശദമായ ചര്‍ച്ചയിലായിരുന്നു. കൂടാതെ, സംസ്ഥാന പാര്‍ട്ടി മുന്നണിയില്‍ സി.പി.ഐക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. ജില്ലാ സമ്മേളനത്തില്‍ പൊലീസ് നയത്തെക്കുറിച്ചും ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥരെക്കുറിച്ചും ശക്തമായ വിമര്‍ശനം ഉയര്‍ന്നു വന്നു. എന്‍.സിപി, സി.പി.ഐ. തുടങ്ങിയ മിതശക്തികളോടുള്ള സി.പി.എം നിലപാടുകള്‍ പുനഃപരിശോധിക്കേണ്ടതുണ്ട് എന്ന അഭിപ്രായം ചില പ്രതിനിധികള്‍ മുന്നോട്ട് വെച്ചത് ശ്രദ്ധേയമായി.

ജി. സുധാകരനെ ചുരുക്കുന്നതിനുള്ള നീക്കങ്ങളേയും യു. പ്രതിഭയുടെ കേസിനോടുള്ള പാര്‍ട്ടി നിലപാടിനേയും പൊതുസമൂഹം വളരെയധികം ചര്‍ച്ചചെയ്യുന്നുണ്ട്. “എല്ലാ തീരുമാനങ്ങളും പാര്‍ട്ടി വഴിയാണ്,” എന്ന് ആര്‍. നാസറും ഈ വിഷയങ്ങളില്‍ പ്രതികരിച്ചു.