ഡല്‍ഹി: സിഎംആര്‍എല്‍ മാസപ്പടി അഴിമതിക്കേസില്‍ 185 കോടി രൂപയുടെ ക്രമക്കേടുകളാണുണ്ടായതെന്ന് കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വെളിപ്പെടുത്തി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തിയ അന്വേഷണത്തിലാണ് ഈ ഗുരുതരമായ കണ്ടെത്തല്‍ ഉണ്ടായത്. കേന്ദ്രം ഹാജരാക്കിയ വാദപ്രസ്ഥാവനയില്‍ ഇത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. സിഎംആർഎൽ നടത്തിയ ക്രമക്കേടുകൾ സാധാരണ അഴിമതികളേക്കാളും ഗുരുതരമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടന്ന എസ്എഫ്ഐഒ അന്വേഷണത്തെ ചോദ്യംചെയ്ത് സിഎംആർഎൽ നൽകിയ ഹർജിയിലാണ് ഇത് സംബന്ധിച്ച വാദങ്ങൾ ഉയർന്നത്. ഹർജിയുടെ പരിഗണനയിൽ കോടതി കക്ഷികൾക്ക് തങ്ങളുടെ വിശദീകരണങ്ങൾ എഴുതി നൽകാൻ നേരത്തെ നിർദേശം നൽകിയിരുന്നു.
വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയും വിവിധ രാഷ്ട്രീയ നേതാക്കളും 185 കോടി രൂപയുടെ അഴിമതിയിൽ പങ്കാളികളായെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തലെന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. സിഎംആർഎല്ലിന്‍റെ പ്രവർത്തനങ്ങൾ പൊതുതാൽപര്യത്തിന് പുറത്താണെന്ന വാദം നിലനിൽക്കില്ലെന്നും, കേരള സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിന്‍റെ 13 ശതമാനം ഓഹരി പങ്കാളിത്തം ഈ കേസിനെ പൊതുതാൽപര്യത്തിന്‍റെ പരിധിയിൽ കൊണ്ടുവരുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ദില്ലി ഹൈക്കോടതി അടുത്ത ആഴ്ച ഈ കേസിൽ അന്തിമ വിധി പ്രഖ്യാപിക്കാനാണ് സാധ്യത. സിഎംആർഎല്ലിന്‍റെ ഹർജിയും കേന്ദ്രം ഉന്നയിച്ച ആരോപണങ്ങളും ഇതിന്‍റെ അടിസ്ഥാനത്തിൽ പരിഗണിക്കും. സിഎംആർഎല്ലിനെതിരെ 185 കോടിയുടെ അഴിമതിവിവരങ്ങൾ റിപ്പോർട്ടുകളിലൂടെ വെളിപ്പെടുത്തിയ കേന്ദ്രം ഈ കേസിൽ കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണെന്ന് ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.