കായിക താരത്തെ പീഡിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ‘നഗ്ന ദൃശ്യങ്ങൾ ആൺസുഹൃത്ത് റെക്കോർഡ് ചെയ്തു, പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയിൽ എഴുതിവെച്ചു’

Jaihind Webdesk
Saturday, January 11, 2025

 

പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി കസ്റ്റഡിയിൽ. ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു.

പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ കേസിൽ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇലവുംതിട്ട പോലീസ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പോലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ട്.

അതേസമയം കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും 62 പേര്‍ക്ക് എതിരായ മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ 40 പേരുടെ വിവരങ്ങള്‍ ലഭിച്ചുവെന്നും പത്തനംതിട്ട ഡിബ്ല്യുസി ചെയര്‍മാൻ എൻ. രാജീവൻ പറഞ്ഞു. മൊഴിയിലെ വിവരങ്ങളെല്ലാം പോലീസിന് വേഗം തന്നെ കൈമാറിയിട്ടുണ്ട്. ഇതുവരെ കേസിൽ 15 യുവാക്കളാണ് പിടിയിലായത്. ഇന്നലെ അഞ്ചുപേരും ഇന്ന് പത്തുപേരുമാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അ‍ഞ്ചുപേര്‍ കൂട്ട ബലാത്സംഗത്തിനാണ് അറസ്റ്റിലായത്. പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നു.

അച്ഛന്‍റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്. ഫോണിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ നിന്ന് പോലീസ് 40ഓളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്. സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം അസാധാരണ സംഭവം എന്ന നിലയിൽ സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് വിട്ട് കൂടുതൽ വിശദമായ കൗണ്‍സിലിങ് നടത്തുകയായിരുന്നു. ആളുകളെക്കുറിച്ച് കുട്ടികള്‍ക്ക് അറിയാമെങ്കിലും കൂടുതൽ വിവരങ്ങള്‍ അറിയില്ല. അച്ഛന്‍റെ ഫോണിൽ പലരുടെയും ഫോണ്‍ നമ്പറുകള്‍ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഐടിഐയിൽ പഠിക്കുന്നവരുടെ പേരുകള്‍ അത്തരത്തിൽ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്. പോലീസിന്‍റെ അന്വേഷണം കാര്യക്ഷമാക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവിക്ക് വിവരങ്ങള്‍ കൈമാറിയത്. പല സ്റ്റേഷനുകളിലായിട്ടാണ് അന്വേഷണമെന്നും പ്രതികളെ പിടികൂടാനാകുമെന്നും സിഡബ്ല്യുസി ചെയര്‍മാൻ എൻ. രാജീവ് പറഞ്ഞു.