ഭാവഗായകന് യാത്രാമൊഴി; മരണമില്ലാത്ത ഗാനങ്ങൾ ബാക്കിയാക്കി പൗർണമിചന്ദ്രന്‍ അസ്തമിച്ചു

Jaihind Webdesk
Saturday, January 11, 2025

 

തൃശൂര്‍: മലയാളത്തിന്‍റെ   ഭാവ ഗായകൻ പി. ജയചന്ദ്രന്‍റെ സംസ്കാരം നടന്നു. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്. വപാലിയം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ വൻ ജനാവലിയുണ്ടായിരുന്നു. മകൻ ദിനനാഥൻ അന്ത്യകർമങ്ങൾ ചെയ്ത് ചിതയ്ക്കു തീ കൊളുത്തുമ്പോൾ ഇതിഹാസ സമാനമായ ഒരു സംഗീതകാലത്തിന് അവസാനമായി.

ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിലും  തുടർന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനൽ തിയറ്ററിലുമായിരുന്നു പൊതുദർശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ടായിരുന്നു. കലാ സാഹിത്യ സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

മൃതദേഹം മോർച്ചറിയിൽനിന്ന് ഇന്നലെ രാവിലെ 9.30നു വീട്ടിലെത്തിക്കുമ്പോൾ ഭാര്യ ലളിത, മക്കളായ ലക്ഷ്മി, ദിനനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു. പിന്നാലെ ചെന്നൈയിൽനിന്നു മരുമകൾ സുമിതയും പേരക്കുട്ടി നിവേദയുമെത്തി. ജയചന്ദ്രന്‍റെ സഹോദരൻ കൃഷ്ണകുമാറും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉൾപ്പെടെയുള്ളവർ വിയോഗത്തിൽ അനുശോചിച്ചു. വി.ഡി സതീശന്‍, കെ. സുധാകരന്‍ എംപി, രമേശ് ചെന്നിത്തല എന്നിവരും അനുശോചനം അറിയിച്ചു.

ഡിസംബർ ഒമ്പത് വൈകീട്ട് എട്ട് മണിയോടെയാണ് ജയചന്ദ്രൻ മരിച്ചത്. ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1966 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്‍റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്.

1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. 1973 ല്‍ പുറത്തിറങ്ങിയ ‘മണിപ്പയല്‍’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോല്‍’ ആയിരുന്നു ജയചന്ദ്രന്‍റെ ആദ്യ തമിഴ്ഗാനം.1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.