കോഴിക്കോട്: രോഗികളുടെ ജീവൻ വെച്ചുള്ള ആരോഗ്യ വകുപ്പിന്‍റെ കളി അവസാനിപ്പിക്കണമെന്ന് എം. കെ രാഘവൻ എം.പി. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിലാണ് എം.പിയുടെ പ്രതികരണം. ഡോക്ടറുടെ സേവനം ആവശ്യമുള്ള രോഗിക്ക് ഓൺലൈൻ കൺസൾട്ടേഷൻ നൽകി ചികിൽസ ലഭിക്കാതെ രോഗി മരണപ്പെടുകയായിരുന്നു. സംഭവം അതിദാരുണമാണെന്ന് എം.കെ. രാഘവൻ വ്യക്തമാക്കി.
സംസ്ഥാന ആരോഗ്യ വകുപ്പ് കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാറി. ആശുപത്രികളിൽ മതിയായ തസ്തിക സൃഷ്ടിക്കാതെ ഡോക്ടർമാരെ വിവിധ ജില്ലകളിലേക്ക് താത്കാലികമായി മാറ്റി നടത്തുന്ന ചെപ്പടി വിദ്യ മൂലം ബാധിക്കപ്പെടുന്നത് സംസ്ഥാനത്തെ പൊതുജനങ്ങളാണെന്ന് എം.പി വ്യക്തമാക്കി.
ആരോഗ്യ സർവ്വകലാശാല പരിശോധനക്ക് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മാത്രം 39 ഡോക്ടർമാരെയാണ് കാസറഗോഡ്, വയനാട് ജില്ലകളിലേക്ക് താത്കാലികമായി മാറ്റിയത്. സ്ഥിരം തസ്തിക സൃഷ്ടിക്കാതെ നടത്തുന്ന ഈ ചെപ്പടിവിദ്യകൊണ്ട് ആരോഗ്യവകുപ്പ് ആരുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് എം.പി ആരാഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ കെടുകാര്യസ്ഥതയുടെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മലബാറിലെ ജില്ലകളാണെന്നും എം.പി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള കൂട്ട സ്ഥലം മാറ്റം മൂലം വിദഗ്ദ ചികിൽസ ലഭിക്കേണ്ട പതിനായിരക്കണക്കിന് രോഗികളാണ് വലയുക. കാസറഗോഡ്, വയനാട് ജില്ലകളിലെ ഡോക്ടർമാരുടെ അഭാവം മൂലമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാരെ താത്കാലികമായി മാറ്റേണ്ടി വന്നത്.
ഭൂരിപക്ഷം എൽഡിഎഫ് ജനപ്രതിനിധികളെ ജയിപ്പിച്ച് വിട്ട കാസറഗോഡ് പോലുള്ള ജില്ലകളിലെ സർക്കാരിന്‍റെ ഭാഗമായ എൽഡിഎഫ് ജനപ്രതിനിധികൾ തിരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബന്ധത പുലർത്തി സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും എം.കെ രാഘവൻ ആവശ്യപ്പെട്ടു.