മലയാളികളുടെ എക്കാലത്തെയും മികച്ച ഭാവഗായകന്‍ പി ജയചന്ദ്രന്റെ വിയോഗ വാര്‍ത്ത ഹൃദയഭേദകം ; രമേശ് ചെന്നിത്തല

Jaihind Webdesk
Friday, January 10, 2025


തിരുവനന്തപുരം : മലയാളികളുടെ എക്കാലത്തെയും മികച്ച ഭാവഗായകന്‍ പി ജയചന്ദ്രന്റെ വിയോഗ വാര്‍ത്ത അവിശ്വസനീയവും ഹൃദയഭേദകവുമാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ ആറു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള മലയാളികളെ തരളിത ഗാനങ്ങളില്‍ ആറാടിച്ച അനശ്വര ഗായകനാണ് ജയചന്ദ്രന്‍. അദ്ദേഹവുമായി വളരെ ദീര്‍ഘകാലത്തെ വ്യക്തിബന്ധമാണ് എനിക്കുണ്ടായിരുന്നത്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ പല തവണ നേടിയിട്ടുള്ള ജയചന്ദ്രന്‍ മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയില്‍ തന്നെ ഏറെ തിളങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയെത്തിയ ധനു മാസ ചന്ദ്രിക പോലെ കടന്നു വന്ന ജയചന്ദ്ര സംഗീതം, കേട്ടുതഴമ്പിച്ച മറ്റു സംഗീത സമ്പ്രദായങ്ങളില്‍ നിന്നെല്ലാം വേറിട്ടു നിന്നിരുന്നു.

ഔപചാരികമായി ശാസ്ത്രീയ സംഗീതം പഠിച്ചില്ലെങ്കിലും ജന്മസിദ്ധി കൊണ്ട് സംഗീതത്തിന്റെ ഗിരിശൃംഗങ്ങള്‍ കീഴടക്കിയ ഗായകനാണ് ജയചന്ദ്രന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ കെ.ജെ യേശുദാസിന്റെ പാട്ടിനു പക്കമേളമിട്ടു തുടങ്ങിയ സംഗീത സപര്യയാണ് പെയ്‌തൊഴിയുന്നത്. മലയാളിയുവതയുടെ പ്രണയ തന്ത്രികളില്‍ എല്ലാ കാലത്തും വരിലോടിച്ച ഈ മഹാഗായകന്റെ അനശ്വരഗാനങ്ങള്‍ക്കു മുന്നില്‍ എന്റെ സ്‌നേഹപ്രണാമം. ഈ ഗാനങ്ങളിലൂടെ അമരത്വം നേടിയ മഹാഗായകന്റെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.