തിരുവനന്തപുരം :സര്‍വ്വകലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന യുജിസിയുടെ കരട് ചട്ടം വിദ്യാഭ്യാസ മേഖലകയുടെ മുഴുവന്‍ ഒന്നത്യത്തെയും ഇല്ലാതാക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ .ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഭൂഷണമായ പരിഷ്‌ക്കാരങ്ങളല്ല കരട് ഭേദഗതിയിലുള്ളത്.സംഘ പരിവാര്‍ ആലയില്‍ വിദ്യാഭ്യാസ മേഖലയെ തളച്ചിടാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ചാന്‍സലര്‍ നിര്‍ദേശിക്കും, രണ്ടാമത്തെ അംഗത്തെ യുജിസി ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്സിക്യൂട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് തുടങ്ങിയ സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിര്‍ദേശിക്കാം എന്നിങ്ങനെയാണ് പുതിയ രീതി. അതോടൊപ്പം
2018ലെ യുജിസി നിയമഭേദഗതി അനുസരിച്ച് 10 വര്‍ഷം പ്രൊഫസറായി സേവനം ചെയ്തവരും ഗവേഷണരംഗത്ത് ഗൈഡായി പ്രവര്‍ത്തിച്ചവര്‍ക്കും മാത്രമേ വിസിമാരാവാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിസി മാരാകാന്‍ സാധിക്കും.
രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് യാതൊരു സംഭാവനയും ചെയ്യാത്ത സംഘപരിവാറിന് ഇടം നല്‍കാനുള്ള ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള നീക്കമാണിതെന്നതില്‍ സംശയമില്ല. എത്ര പദ്ധതിയിട്ടാലും കാവി വത്കരണത്തിനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു .