മലപ്പുറം: റോഡില്‍ പന്തല്‍ കെട്ടി സമരം നടത്തിയതിനെ വീണ്ടും ന്യായീകരിച്ച് എ. വിജയ രാഘവന്. റോഡിലല്ലാതെ മലയില്‍ പോയി സമരം നടത്താനാകില്ലെന്നും സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിജയ രാഘവന് പറഞ്ഞു. മലപ്പുറം വര്‍ഗീയതയുടെ ചിഹ്നമാക്കാനുള്ള പരിശ്രമം നടക്കുന്നുണ്ടെന്നും ജമാത്ത് ഇസ്ലാമി – എസ്ഡിപിഐ ആണ് അതിന് പിന്നിലെന്നും എ. വിജയരാഘവന് പറഞ്ഞു. മുസ്ലിം ലീഗ് ഒളിഞ്ഞു നിന്ന് അതിനു പിന്തുണ നല്‍കുകയാണെന്നും എ വിജയ രാഘവന് ആരോപിച്ചു.
ഡിസംബർ മാസം അഞ്ചിനാണ് സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായിട്ട് റോഡിന്റെ ഒരു ഭാഗം പൂർണമായി അടച്ച് സ്റ്റേജ് കെട്ടിയത്. പാതയോരങ്ങളിൽ പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്ക് ഉണ്ടെന്നിരിക്കെയാണ് വഞ്ചിയൂരിൽ പ്രധാനപാത പൂർണമായും അടച്ചുകെട്ടി സിപിഎം സ്റ്റേജ് ഉണ്ടാക്കിയത്. സംഭവത്തിൽ ഹൈക്കോടതി സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ഉന്നയിച്ചത്.