മോദി വിദേശത്ത് പോയിട്ടെന്തുകാര്യം? 2021 കോടി പാഴായതുമിച്ചം; വിദേശനിക്ഷേപം ആകര്‍ഷിക്കാനായില്ല

Jaihind Webdesk
Tuesday, January 1, 2019

ന്യൂദല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ മോദി നടത്തിയ വിദേശയാത്രകള്‍കൊണ്ട് രാജ്യത്തിനോ ജനങ്ങള്‍ക്കോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 2021 കോടി രൂപ മുടക്കി ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും ആകെ ഒപ്പിട്ടത് മൂന്ന് കരാറുകള്‍ മാത്രം. വിദേശ നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടോ എന്നു കേന്ദ്രസര്‍ക്കാരിന് പോലും വ്യക്തമായ കണക്കുകളില്ല.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിന്റെ കണക്ക് കണ്ടെത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ സംവിധാനമില്ല. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒപ്പിട്ടത് മൂന്ന് ഉഭയകക്ഷികരാറുളാണ് – നേരിട്ടുള്ള വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യത്തിന് ലോക്‌സഭയില്‍ വാണിജ്യ മന്ത്രാലയം നല്‍കിയ മറുപടിയാണിത്.

2013 ഡിസംബര്‍ 12 യുഎഇയുമായി കരാര്‍ ഒപ്പിട്ടു. കരാര്‍ പരിഷ്‌ക്കരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. 2018 സെപ്റ്റംബര്‍ 24ന് ബെലറുസുമായി വിദേശനിക്ഷേപത്തിന് കരാര്‍ ഒപ്പിച്ചു. 2018 ഡിസംബര്‍ 18ന് തായ്‌പേയുമായി കരാര്‍ ഒപ്പിട്ടു. ഇതിന്റെ തുടര്‍ നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമല്ല.