തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോൾ ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ ഡിജിപിയാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷയിലാണ് പരിഗണന. പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. പരോൾ ലഭിച്ചതോടെ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി.
എന്നാൽ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. നിരവധി കേസുകളില്‍ പ്രതി കൂടിയാണ് സുനി.
കൊടി സുനിയുടെ പരോള്‍ അസാധാരണ സംഭവമാണ് എന്ന് ടിപിയുടെ ഭാര്യ കെ.കെ.രമ എംഎൽഎ പറഞ്ഞു. ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി പരോൾ അനുവദിക്കാനാവില്ല. അതിനാല്‍ നിയമവിദഗ്ദരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ പ്രതികരിച്ചു.