ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം കബറടക്കി. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് അമറിനെ കബറടക്കിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹി (23) മരിച്ചത്. പുലർച്ചയോടെയാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ യുഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ തേക്കിന് കൂപ്പില് മേയാൻ വിട്ട പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അമറിനെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ഡിഗ്രി പഠനം പൂര്‍ത്തിയാക്കി താത്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു അമര്‍. ദാരുണമായ സംഭവത്തിന് പിന്നാലെ മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്ന ശക്തമായ ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത് വന്നു. സോളാർ വേലി സ്ഥാപിക്കൽ, ആർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാര്‍ ഉന്നയിച്ചു.