പെരിയ ഇരട്ടക്കൊല വിധി: സിപിഎമ്മിന്‍റെ വികൃതമായ കൊലയാളി മുഖം അനാവരണം ചെയ്തെന്ന് കെ.സി.വേണുഗോപാല്‍ എംപി

Saturday, December 28, 2024

കൊച്ചി: സിപിഎമ്മിന്‍റെ വികൃതമായ കൊലയാളി മുഖം ഒരിക്കല്‍ക്കൂടി പൊതുസമൂഹത്തില്‍ അനാവരണം ചെയ്യപ്പെടുന്നതാണ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയ വിധിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

ആറുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ 24 പ്രതികളില്‍ പതിനാല് പേര്‍ കുറ്റക്കാരാണെന്ന് സിബി ഐ പ്രത്യേക കോടതി കണ്ടെത്തിയപ്പോള്‍ പത്തോളം പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധി തെല്ലും ആശ്വാസകരമല്ല. പ്രതിപ്പട്ടികയിലെ മുഴുവന്‍ പേര്‍ക്കും ശിക്ഷ ലഭിച്ചെങ്കില്‍ മാത്രമെ നീതി ലഭിച്ചെന്ന് പറയാന്‍ സാധിക്കൂ. കുറ്റവിമുക്തരാക്കപ്പെട്ടവര്‍ക്ക് കൂടി ശിക്ഷ വാങ്ങികൊടുക്കുന്നത് വരെ കോണ്‍ഗ്രസ് ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബത്തോടൊപ്പം നിയമപോരാട്ടം തുടരുമെന്നും ഇരുകുടുംബങ്ങള്‍ക്കും ആവശ്യമായ നിയമസഹായം ഉറപ്പുവരുത്തുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

പെരിയ ഇരട്ടക്കൊലയില്‍ സിപിഎം പങ്ക് പകല്‍പോലെ വ്യക്തമാണ്. ജനങ്ങള്‍ക്കും നല്ല ബോധ്യമുണ്ട്. എന്നിട്ടും ഈ ക്രൂരമായ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയാന്‍ സിപിഎമ്മിന് മാത്രമെ സാധിക്കു. കോടതി ശിക്ഷിച്ച പ്രതികളെ നിരപരാധികളായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമം. ഇത്രയും നാള്‍ പ്രതികള്‍ക്ക് നിയമപരിരക്ഷ നല്‍കിയത് കൂടാതെ ശിക്ഷിക്കപ്പെട്ട പ്രതികളെ സംരക്ഷിക്കാനായി നടപടി സ്വീകരിക്കുമെന്നാണ് സിപിഎം പറയുന്നത്. ചെയ്ത കുറ്റം ഏറ്റെടുക്കാത്തത് സിപിഎം ക്രിമിനല്‍ പാര്‍ട്ടിയായതിനാലാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

എതിര്‍ ശബ്ദങ്ങളെ ആശയങ്ങളും നിലപാടുകളും കൊണ്ട് നേരിടുന്നതിന് പകരം കൊലക്കത്തിക്ക് അരിഞ്ഞുതള്ളുന്ന രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്. കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ച് നേരിന്റെ പക്ഷത്തേക്ക് ഇനിയെന്നാണ് സിപിഎമ്മിന് മാറാന്‍ കഴിയുക? ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും ശരീരത്തില്‍ നിന്ന് ചിന്തിയ ചോരയുടെ കണക്ക് സിപിഎമ്മിനെ കൊണ്ട് കോണ്‍ഗ്രസ് പറയിപ്പിക്കും.
സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ നടന്ന ഈ പൈശാചിക കൊലപാതകത്തിന്‍റെ പാപഭാരത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കോടതിയുടെ ഇടപെടല്‍ ഒന്ന് കൊണ്ടുമാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചത്. കേസ് അട്ടിമറിക്കാന്‍ നിരന്തര ഇടപെടല്‍ നടത്തുക വഴി പിണറായി സര്‍ക്കാര്‍ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബത്തിന് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് ഇത്രയും കാലം നിഷേധിച്ചത്. നാടിന്റെ പ്രതീക്ഷയും ആശ്രയവുമായിരുന്ന രണ്ടു ചെറുപ്പക്കാരുടെ ഘാതകരെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചത് ഗുരുതരമായ അപരാധവും മാപ്പ് അര്‍ഹിക്കാത്ത കുറ്റവുമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.