അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി

Friday, December 27, 2024


തിരുവനന്തപുരം: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി.സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ മന്‍മോഹന്‍ സിങ് എന്തുപറയുമെന്നാണ് ലോകനേതാക്കള്‍ കാതോര്‍ത്തത്. അദ്ദേഹത്തിന്റെ സമയത്ത് ലോകരാജ്യങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചെന്നും ആന്റണി പറഞ്ഞു.

മന്‍മോഹന്‍ സിങ്ങിന്റെ 10 വര്‍ഷത്തെ ഭരണപരിഷ്‌കാരങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്തു. പ്രശ്‌നങ്ങള്‍ക്ക് രമ്യമായി പരിഹാരം കാണാന്‍ ശ്രമിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ഇന്ത്യ സാമ്പത്തികമായും സൈനികപരമായും മികവു നേടിയെന്നും എ.കെ ആന്റണി പറഞ്ഞു.

കേരളത്തോട് ഉദാരമായ നിലപാട് കാണിച്ചു. കോണ്‍ഗ്രസ് ഭരിച്ചപ്പോഴും ഇടതുപക്ഷം ഭരിച്ചപ്പോഴും ഉദാരമായ നിലപാടെടുത്തെന്നും അദ്ദേഹത്തിന്റെ ഭരണകാലത്ത് വിവേചനമുണ്ടെന്ന് ഒരു സംസ്ഥാനവും പരാതി പറഞ്ഞിട്ടില്ലെന്നും ആന്റണി അനുസ്മരിച്ചു.

വ്യക്തിപരമായി ഞാനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. രാജ്യത്തിനുവേണ്ടി മാത്രം ജീവിച്ച മനുഷ്യന്‍. രാജ്യസഭയില്‍ അദ്ദേഹം കടന്നുവരുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുമായിരുന്നു. എല്ലാവരും ബഹുമാനിക്കുന്ന നേതാവ്. അദ്ദേഹത്തിന്റെ ശൂന്യത നികത്താനാകുന്നതല്ലെന്നും എ.കെ ആന്റണി പറഞ്ഞു.