കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Wednesday, December 25, 2024

 

എറണാകുളം: കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം നടത്തിയ കേസില്‍ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ രമേശൻ, പാലാരിവട്ടം സ്റ്റേഷനിലെ എഎസ് ഐ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ഒക്ടോബറില്‍ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നഗരത്തില്‍ പ്രവർത്തിക്കുന്ന അനാശ്യാസ കേന്ദ്രങ്ങളില്‍ ഒക്ടോബറില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ കടവന്ത്രയിലെ ഒരു അനാശ്യാസ കേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ രണ്ട് പോലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

വിശദമായ അന്വേഷണത്തില്‍ ഇത് സംബന്ധിച്ച തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. പിന്നാലെ രണ്ട് പേരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.