ആലപ്പുഴ: ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ചു കൊന്ന സംഭവത്തിൽ ഞെട്ടലിലാണ് നാട് . തകഴി അരയൻചിറ സ്വദേശി കാർത്യായനിയെയാണ് ഇന്നലെ വൈകുന്നേരം തെരുവുനായ കടിച്ചു കൊന്നത്. മകന്‍റെ വീടായ ആറാട്ടുപുഴയിൽ ക്രിസ്മസ് ആഘോഷിക്കാൻ എത്തിയതായിരുന്നു കാർത്യായനി.
മകനും ഭാര്യയും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. തിരിച്ചു വന്ന മകനും ഭാര്യയും കാണുന്നത് നിലത്ത് ചോര വാർന്നു കിടക്കുന്ന കാർത്യായനി അമ്മയെയാണ്. മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. തൃക്കുന്നപ്പുഴ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു .
അതേസമയം ആറാട്ടുപുഴയിൽ വൃദ്ധയെ കടിച്ചുകൊന്ന തെരുവുനായകളെ പിടികൂടാനാവാത്തതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. തെരുവുനായകളെ നിയന്ത്രിക്കാനാവാത്തതിൽ ഉത്തരം പറയേണ്ടത് സർക്കാരാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കാർത്യായനിയുടെ കുടുംബത്തിന് അടിയന്തരമായി സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവ് നായ ശല്യം രൂക്ഷമായ സ്ഥലമാണ് ആറാട്ടുപുഴ വലിയഴീക്കൽ ഭാഗം. ഇവിടെ 81കാരിയെ നായ കടിച്ചുകീറി കൊന്നതോടെ നാട്ടുകാർ ക്ഷോഭത്തിലാണ്. തെരുവുനായ ആക്രമണം രൂക്ഷമായതിനെ തുടർന്ന് 2015ൽ പേവിഷബാധയുള്ള നായകളെ കൊല്ലാൻ സുപ്രീകോടതി അനുമതി നൽകിയിരുന്നു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ നൽകിയ ഹര്‍ജിയിൽ മനുഷ്യജീവനുകളെക്കാൾ വലുതല്ല നായകളുടെ ജീവൻ എന്ന നിരീക്ഷണത്തോടെയായിരുന്നു കോടതി ഇടപെടൽ. എന്നാൽ, രണ്ടു വർഷം കഴിഞ്ഞ് സമൂഹത്തിന് ഭീഷണിയായ നായകളെ മാത്രമേ കൊല്ലാവൂവെന്ന് കോടതി വ്യക്തമാക്കി.
തെരുവുനായകൾ പെറ്റുപെരുകുന്നത് തടയാൻ ശാസ്ത്രീയ നടപടികയാകാമെന്ന് കോടതി ഉത്തരവിലുണ്ട്. ജീവജാലങ്ങളോടും അനുകമ്പ കാണിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൂല്യമാണെന്ന് പറയുമ്പോഴും നേരത്തെ പ്രഖ്യാപിച്ച എബിസി സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് തടസ്സമില്ലെന്നതാണ് സുപ്രീംകോടതിയുടെ 2024ലെ ഉത്തരവ് പറയുന്നത്.