പെരിയ ഇരട്ടക്കൊലക്കേസ്; ഈ മാസം 28ന്, വിധി പറയുക പ്രത്യേക സിബിഐ കോടതി

Jaihind Webdesk
Monday, December 23, 2024

 

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സിബിഐ കോടതി ഈ മാസം 28-ന് വിധി പറയും. മുന്‍ എംഎല്‍എയും സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ. മണികണ്ഠന്‍. മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. തുടക്കത്തിൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.

ആകെ 24 പ്രതികളുള്ള കേസിൽ സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് ഒന്നാം പ്രതി. നിരവധി പ്രാദേശിക നേതാക്കളും കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ.മണികണ്ഠന്‍, എന്‍.ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

സിബിഐ അറസ്റ്റുചെയ്ത പത്തുപേരില്‍ കെ.വി. കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളിക്കുമുള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. രാജേഷ് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചുപേര്‍ കാക്കനാട് ജയിലിലാണുള്ളത്. 2023 ഫെബ്രുവരിയിലാണ് സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയത്.