തിരുവനന്തപുരം: എ. വിജയരാഘവന്‍റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സിപിഎം സംസ്ഥാനസെക്രട്ടറിയുടെ വാക്കുകൾ വയനാട്ടിലെ ജനങ്ങളെ മുഴുവന്‍ അപമാനിച്ചതാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സിപിഎമ്മിന്‍റെ ഈ വര്‍ഗീയ പ്രീണനനയമാണ് ബിജെപിക്ക് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ വേണ്ടി പ്രേരണയായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്‍റെ അജണ്ട മാറിയിരിക്കുന്നു. സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷ വര്‍ഗീയപ്രീണനവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുണ്ടായ വിജയം ന്യൂനപക്ഷ തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി പറയുന്നത് എന്നാൽ വയനാട്ടിലെ മുഴുവന്‍ ജനവിഭാഗവും ഒരുമിച്ച് നിന്ന് കൊണ്ടാണ് ജാതിമതവ്യത്യാസമില്ലാതെ രാഷ്ട്രീയവ്യത്യാസമില്ലാതെ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വിജയിപ്പിച്ചത്. അതിന്‍റെ പേരില്‍ വര്‍ഗീയതയുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നത് സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ദൂരം അകലെയല്ല എന്നു കാണിക്കുന്നതിന് തുല്യമാണെന്ന് സതീശന്‍ പറഞ്ഞു.
സംഘപരിവാര്‍ കുറേ നാളുകളായി വര്‍ഗീയസംഘര്‍ഷമുണ്ടാക്കുന്നതിനായി ശ്രമിക്കുകയാണ്. പാലക്കാട് ചിറ്റൂരിലെ നല്ലേപ്പള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി. വടക്കേ ഇന്ത്യയിലെ മധ്യപ്രദേശിലും ഛത്തീസ്ഗഢീലും യുപിയിലും ചെയ്യുന്ന പരിപാടി കേരളത്തിലും സംഘപരിവാര്‍ ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പിന്തുണ കൊടുക്കുന്നത് സിപിഎമ്മാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ ഈ വര്‍ഗീയ പ്രീണനനയമാണ് ബിജെപിക്ക് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ വേണ്ടി പ്രേരണയായി മാറിയതെന്ന് സതീശന്‍ പറഞ്ഞു.
സിപിഎമ്മിന്‍റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. സംഘപരിവാറിനെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് സിപിഎമ്മും പിണറായിയും നടത്തുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജയരാഘവന്‍ സംസാരിച്ചതും പിന്തുണച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തിയതും. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇത്രയും മോശം നിലപാട് ഒരുകാലത്തും സിപിഎമ്മെടുത്തിട്ടില്ലെന്നും സംഘപരിവാറിനെ ഭയന്നാണ് സിപിഎം നേതാക്കള്‍ ജീവിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
അതേസമയം സഹകരണ മേഖലയെ സിപിഎം തന്നെയാണ് തകര്‍ക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന ബാങ്കുകള്‍ വ്യാപകമായി പിടിച്ചെടുക്കുകയാണ്. ഈ പോക്ക് പോയാല്‍ ഒരു ബാങ്ക് പോലും ഉണ്ടാകില്ലെന്നും സഹകരണമേഖലയെ കുഴിച്ചുമൂടാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
സര്‍ക്കാരിന്‍റെ ശമ്പളം വാങ്ങി സമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ എന്തിനാണ് ഒളിപ്പിച്ചു വയ്ക്കുന്നതെന്ന് വി.ഡി. ചോദിച്ചു. പാവങ്ങളുടെ പെന്‍ഷന്‍ കവര്‍ന്നെടുത്ത ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.