തൃശൂർ: പൂരം കലക്കിയ സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാർ സർക്കാരിന് നൽകിയ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പൂരം കലക്കി ബിജെപിയെ വിജയിപ്പിക്കാൻ മുൻകൈയെടുത്തയാളാണ് എം.ആർ. അജിത് കുമാർ. അങ്ങനെയൊരാളെ തന്നെയാണ് റിപ്പോർട്ട് നൽകാൻ നിയോഗിച്ചത്. ആ റിപ്പോർട്ട് അംഗീകരിക്കാനാകില്ല. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍റെയും ഇടയിലെ പാലമാണ് അജിത് കുമാറെന്നും മുരളീധരൻ വിമർശിച്ചു.
അജിത് കുമാറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് വ്യഗ്രതയാണ്. സംരക്ഷിച്ചില്ലെങ്കിൽ പല സത്യങ്ങളും അജിത് കുമാർ വിളിച്ചുപറയും. അടുത്ത തവണ യുഡിഎഫ് വന്നാൽ ഡൽഹിയിൽ പോകാമല്ലോയെന്നാണ് അജിത് കുമാറിന്‍റെ കണക്കുകൂട്ടൽ. ബിജെപിയും സിപിഎമ്മും ഒരേ തൂവൽപക്ഷികളായി മാറുകയാണ്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് ഞങ്ങൾക്ക് നേരിടേണ്ടി വരിക. അതിനെ പരസ്യമായി എതിർത്തുകൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയെന്നും കെ. മുരളീധരൻ പറഞ്ഞു.
തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ അജിത്കുമാർ സർക്കാരിന് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്. പൂരം അലങ്കോലമാക്കിയത് ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഇതിനായി തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. പൂരം കലക്കിയതിന്‍റെ ഉത്തരവാദിത്തം തിരുവമ്പാടി ദേവസ്വത്തിന്‍റെ മേല്‍ വെച്ചുകെട്ടാനാണ് ശ്രമമെന്നും ദേവസ്വത്തില്‍ ആരും രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.