വയനാട് ദുരന്തം; പുനരധിവാസ പട്ടികയില്‍ വ്യാപക പിഴവ്; അനാസ്ഥ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍

Jaihind Webdesk
Saturday, December 21, 2024

വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം. നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളില്‍ ഇരട്ടിപ്പ് എന്നും ആരോപിച്ചാണ് പ്രതിഷേധം. ദുരന്ത ബാധിതരുടെ സമര സമിതിയാണ് പ്രതിഷേധിച്ചത്. ഒരു വാര്‍ഡില്‍ മാത്രം നിരവധി പേരുകള്‍ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്.

388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതില്‍ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്തിന് മുന്നില്‍ സമര സമിതി പ്രതിഷേധിച്ചു.

മാനന്തവാടി സബ് കളക്ടര്‍ക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നിട്ടും പിഴവുകള്‍ ഉണ്ടായി. 15 ദിവസത്തിനുള്ളില്‍ വിട്ടുപോയവരുടെ പേരുകള്‍ നല്‍കാമെന്നും 30 ദിവസത്തിനുള്ളില്‍ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് പുതിയ അറിയിപ്പ്.