കട്ടപ്പനയിലെ നിക്ഷേപകന്‍റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല; സഹകരണ മേഖല തകരുന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമെന്ന് വി.ഡി.സതീശന്‍

Jaihind Webdesk
Saturday, December 21, 2024

Translator

 

കൊച്ചി: നിക്ഷേപം മടക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ സാബു ആത്മഹത്യ ചെയ്തത് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പല ബാങ്കുകളും പ്രതിസന്ധിയിലാണ്. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നിക്ഷേപിച്ച പണം നല്‍കിയില്ലെന്നു മാത്രമല്ല, സി.പി.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് സാബുവിനെ ഭീഷണിപ്പെടുത്തി. നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്നത് സി.പി.എം എത്രത്തോളം അധപതിച്ചു എന്നതിന്‍റെ ഉദാഹരണമാണ്. സഹകരണ മേഖലയില്‍ ഐക്യം വേണമെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുമ്പോഴാണ് പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് യു.ഡി.എഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നത്. അത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത സ്ഥാപനമാണ് കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. ഇത്തരത്തില്‍ പിടിച്ചെടുത്ത പല ബാങ്കുകളും തകര്‍ച്ചയെ നേരിടുകയാണ്. 21 ബാങ്കുകളാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം സി.പി.എം പിടിച്ചെടുത്തത്. അതില്‍ പല ബാങ്കുകളും പ്രതിസന്ധിയിലാണ്. ഞങ്ങളുമായി ബന്ധപ്പെട്ടവരുടെ നിക്ഷേപമാണ് ഈ ബാങ്കുകളില്‍ ഏറ്റവും കൂടുതലുള്ളത്. ആ നിക്ഷേപമാണ് ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്. ഞങ്ങള്‍ ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ 24 മണിക്കൂറിനുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടും. പിന്നെ ബാങ്ക് ഉണ്ടാകുമോ? അങ്ങനെ ചെയ്താല്‍ കേരളത്തിലെ സഹകരണ മേഖലയുടെ ഗതി എന്താകും? പക്ഷെ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങള്‍ പെരുമാറിയത്. എന്നാല്‍ സര്‍ക്കാര്‍ നിസാര കാര്യങ്ങള്‍ക്ക് പോലും യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു.

സി.പി.എം തന്നെയാണ് സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ തകര്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത്. ഈ നടപടിയുമായി മുന്നോട്ട് പോയാല്‍ കേരളത്തിലെ സഹകരണ മേഖല തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും സഹകരണ മന്ത്രി വി.എന്‍ വാസവനെയും സി.പി.എമ്മിനെയും ഓര്‍മ്മപ്പെടുത്തുന്നു. സഹകരണ മേഖല തകരുന്നതിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കട്ടപ്പനയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് സംസ്ഥാനം മുഴുവന്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അപകടകരമായ നിലയിലേക്കാണ് സഹകരണരംഗം പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.