ഡല്‍ഹി: അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. രാജി വച്ചില്ലെങ്കിൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ നിന്ന് അമിത് ഷായെ പുറത്താക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. അമിത് ഷായുടെ രാജി വരെ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അമിത്ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്‍റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്കർ പ്രതിമയ്ക്കു മുന്നിലാണു നീല വസ്ത്രം ധരിച്ച് ഇന്ത്യാ മുന്നണി എംപിമാർ പ്രതിഷേധിച്ചത്. ദലിത് സമരങ്ങളുടെ പ്രതീകമായാണ് നീല നിറത്തിലുള്ള വസ്ത്രം ധരിച്ചത്. ഇന്ന് കോൺഗ്രസ് പിസിസികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ പാർലമെന്‍റിലെ ഇരുസഭകളും ഇന്ന് ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവച്ചു. ഭരണപക്ഷ – പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം നടക്കുന്നതിനാൽ രാവിലെ11 മണിയോടെ സഭാ നടപടികൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് സഭാ നടപടികൾ ഉച്ചയ്ക്ക് 2 മണിവരെ നിർത്തി വച്ചത്.