ബ്രിസ്ബണ്‍: ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിനു പിന്നാലെ, ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി അശ്വിന്‍ പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഇന്ന് സമാപിച്ച ടെസ്റ്റില്‍ അശ്വിന്‍ കളിച്ചിരുന്നില്ല. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മാത്രമാണ് താരം കളിച്ചത്. 106 ടെസ്റ്റുകളില്‍നിന്ന് 537 വിക്കറ്റുകളും 3503 റണ്‍സുമാണ് അശ്വിന്റെ സമ്പാദ്യം.
2011 നവംബര്‍ ആറിന് ഡല്‍ഹിയില്‍ വെസ്റ്റിന്‍ഡീസിനെതിരായാണ് താരം ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. കുംബ്ലെയാണ് ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, 619 വിക്കറ്റുകള്‍. 41 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കളിച്ച താരം, 195 വിക്കറ്റുകള്‍ നേടി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ്. ഇന്ത്യക്കായി 65 ട്വന്റി20 മത്സരങ്ങളില്‍നിന്നായി 72 വിക്കറ്റുകള്‍ നേടി. ടെസ്റ്റില്‍ ആറു സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 3,503 റണ്‍സ് നേടിയിട്ടുണ്ട്.
2010 ജൂണ്‍ 12ന് ഇന്ത്യക്കായി ആദ്യ ട്വന്റി20 മത്സരം കളിച്ചു. 106 ടെസ്റ്റുകളില്‍ 37 തവണ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ റെക്കോഡാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ മാത്രമാണ് (67) ഈ കണക്കില്‍ താരത്തിനു മുന്നിലുള്ളത്.