സെമിത്തേരിയില്‍ സംസ്‌കരിക്കാനാവില്ല; എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും; മകള്‍ ആശയുടെ ഹര്‍ജി തള്ളി

Jaihind Webdesk
Wednesday, December 18, 2024

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്നതിനെതിരായ മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. മൃതദേഹം ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ ഹര്‍ജി തള്ളിയിരുന്നു. പെണ്‍മക്കളായ സുജാതയും, ആശയുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വൈദ്യ പഠനത്തിനായി കൈമാറിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ആശ അപ്പീല്‍ നല്‍കിയത് .വിഷയത്തില്‍ ഹൈക്കോടതി നേരത്തെ മധ്യസ്ഥനെ നിയോഗിച്ചെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് മകന്‍ സജീവന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് എം.എം ലോറന്‍സ് വ്യക്തമാക്കിയിരുന്നതായി രണ്ടു ബന്ധുക്കളും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 21നായിരുന്നു ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ലോറന്‍സ് മരിച്ചത്.