ഇത് സ്റ്റാലിന്‍ സ്റ്റൈല്‍! ലോക ചെസ് ചാമ്പ്യന്‍ ഗുകേഷിന് 5 കോടി; വാക്കുപാലിച്ച് സ്റ്റാലിന്‍; പിറ്റേന്നു തന്നെ ചെക്ക് കൈമാറി

Jaihind Webdesk
Wednesday, December 18, 2024

ചെന്നൈ: ലോക ചെസ് ചാമ്പ്യനായ ഗുകേഷിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ 5 കോടി രൂപ സമ്മാനിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഗുകേഷിന്റെ മാതാപിതാക്കള്‍ക്കൊപ്പം സ്റ്റാലിന്‍ ചെക്ക് കൈമാറി. ചെന്നൈയില്‍ ഒരു ചെസ് അക്കാദമി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തമിഴ്‌നാട് ചെസ്സില്‍ നിരവധി ഗ്രാന്‍ഡ്മാസ്റ്റര്‍മാരെ സംഭാവന ചെയ്തിട്ടുണ്ടെന്നും, ഗുകേഷിന്റെ വിജയം ഇതിന്റെ തുടര്‍ച്ചയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. 18 വയസ്സില്‍ ലോക ചാമ്പ്യനായ ഗുകേഷ് ഒരു പുതിയ നാഴികക്കല്ല് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനം ഗുകേഷിന്റെ വിജയത്തിന് 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ഡിങ് ലിറനെ അവസാന നിമിഷം വീഴ്ത്തിയാണ് ഗുകേഷ് ലോക ചാമ്പ്യനായത്. 12-ാം വയസ്സില്‍ ഗ്രാന്‍ഡ്മാസ്റ്ററും 18-ാം വയസ്സില്‍ ലോക ചാമ്പ്യനുമായ ഗുകേഷിനെ സ്റ്റാലിന്‍ അഭിനന്ദിച്ചു. ”വെറും 18 വയസ്സില്‍ ലോക ചാമ്പ്യനായ ഗുകേഷ് ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. എല്ലാവരും അവനെ മാതൃകയാക്കണം. നമുക്ക് ലക്ഷക്കണക്കിന് ഗുകേഷുമാരെ സൃഷ്ടിക്കാം,” അദ്ദേഹം പറഞ്ഞു.