വഞ്ചിയൂര്‍ സിപിഎം സമ്മേളനം; വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

Jaihind Webdesk
Monday, December 16, 2024

എറണാകുളം: വഞ്ചിയൂര്‍ സിപിഎം സമ്മേളനത്തിന് സ്റ്റേജിന് കാലുകള്‍ നാട്ടിയത് റോഡ് കുത്തിപ്പൊളിച്ചാണെങ്കില്‍ കേസ് വേറെ ആകും എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സെക്രട്ടറിയേറ്റിനു മുന്നില്‍ റോഡ് തടഞ്ഞാണ് ജോയിന്റ് കൗണ്‍സിലിന്റെ സമരം എന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ഹൈക്കോടതിയില്‍ ഡിജിപി വിശദീകരണം നല്‍കി. വഴി തടസ്സപ്പെടുത്തിയുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു എന്ന് പറഞ്ഞ ഡിജിപി സംഭവമറിഞ്ഞ ഉടന്‍ തന്നെ ഇടപെട്ടെന്നും സംഘാടകര്‍ക്കെതിരെ കേസെടുത്തെന്നും പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്‍പിലെ ജോയിന്റ് കൗണ്‍സില്‍ പരിപാടിക്കെതിരെയും കേസെടുത്തെന്ന് ഡിജിപി പറഞ്ഞു.യാത്രാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്ന് നിരീക്ഷിച്ച കോടതി ഹൈക്കോടതിയുടെ തന്നെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ പോലീസും സര്‍ക്കാരും കാണിക്കുന്ന അലംഭാവത്തെയും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ കോള്‍ഡ് സ്റ്റോറേജില്‍ ആണോ എന്നും കോടതി ചോദിച്ചു. സംസ്ഥാന പോലീസ് മേധാവിയോടും സിറ്റി പോലീസ് കമ്മീഷനോടും ഹൈക്കോടതി വിശദീകരണം തേടി. വ്യാഴാഴ്ച സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മതിയായ രേഖകള്‍ സഹിതം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.