കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി ; മരിച്ചത് മധ്യവയസ്‌കനെന്ന് പൊലീസ്

Jaihind Webdesk
Saturday, December 14, 2024


കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് മൃതദേഹം. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഗേറ്റിന് മുകളിലായുള്ള കമ്പിയില്‍ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്.

സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്‌കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സിസിടിവി ഉള്‍പ്പെടെ ഇല്ല.

രാത്രിയില്‍ ആളുകളെ ഇവിടേക്ക് കയറ്റാറില്ല. ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കൊച്ചി ഡിസിപി കെഎസ് സുദര്‍ശന്‍ പറഞ്ഞു.