കോഴിക്കോട്: മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് നീട്ടിനല്‍കിയത് മന്ത്രിസഭ പോലും അറിയാതെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കരാര്‍ പുതുക്കണമെന്നത് കരാര്‍ ഒപ്പിടുന്ന സമയത്ത് പറഞ്ഞില്ല. മണിയാര്‍ പദ്ധതിയില്‍ ബിഒടി അടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. അത് നീട്ടിനല്‍കാനുള്ള തീരുമാനം അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
ധാരണാപത്രത്തിലുള്ള കാര്യങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. പദ്ധതി 30 വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറേണ്ടതാണ്. ആ കാലാവധി ഈ ഡിസംബര്‍ 30ന് പൂര്‍ത്തിയാവും. അങ്ങനെ പൂര്‍ത്തിയാവുമ്പോള്‍ ഈ പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡിന് കൈമാറണമെങ്കില്‍ 21 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ആ നോട്ടീസ് സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടില്ല. അത് കൊടുക്കാത്ത സന്ദര്‍ഭത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 30 വര്‍ഷം കഴിഞ്ഞിട്ടും ഈ കമ്പനിക്ക് 25 വര്‍ഷം കൂടി കൊടുക്കുന്നത് അഴിമതിയാണ്. ഈ കമ്പനിയെ വഴിവിട്ട് സഹായിക്കുകയാണ് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നത്- ചെന്നിത്തല വ്യക്തമാക്കി.
കെഎസ്ഇബി ചെയര്‍മാന്റെയും ചീഫ് എഞ്ചിനീയര്‍ അടക്കമുള്ളവരുടെയും മുന്‍ ചെയര്‍മാന്റേയും കത്തുകളിലൊക്കെ ആവശ്യപ്പെട്ടിരിക്കുന്നത് കാലാവധി കഴിഞ്ഞതുകൊണ്ട് ഡിസംബര്‍ 30 മുതല്‍ ഈ ജലവൈദ്യുതി പദ്ധതി തിരിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന് കൊടുക്കണം എന്നാണ്.
കാരണം കേരളം ഇന്ന് കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. അതു മൂലം ജനങ്ങളുടെ മേല്‍ കൂടുതല്‍ ചാര്‍ജ് അടിച്ചേല്‍പ്പിക്കേണ്ടിവരുന്നു. അതിനാല്‍ പ്രതിമാസം 12 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഈ പദ്ധതി തിരികെ നല്‍കണമെന്ന് കെഎസ്ഇബിയും മന്ത്രിയുമൊക്കെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി 25 വര്‍ഷം കൂടി കരാര്‍ നീട്ടിനല്കാന് തീരുമാനമെടുത്തു. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ട്. ഈ കമ്പനിക്ക് 30 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.