എസ്എഫ്‌ഐ മനോവൈകൃതം ബാധിച്ചവരുടെ സംഘടനയെന്ന് കെ.സുധാകരന്‍ എംപി

Jaihind Webdesk
Wednesday, December 11, 2024

 

കണ്ണൂര്‍: തോട്ടട ഐടിഐയില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച എസ്എഫ്ഐ നടപടി കിരാതമാണെന്നും അക്രമം നടത്തിയ ക്രിമിനല്‍ സഖാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ജനാധിപത്യ സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കമ്യൂണിസ്റ്റ് ഫാസിസത്തിന്‍റെ തുടര്‍ച്ചയാണീ അക്രമം. ഇത് അംഗീകരിക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമാനമായി എസ്എഫ്ഐ യുടെ ഇടിമുറി സംസ്‌കാരം കഴിഞ്ഞ ദിവസം ഇവിടെയും അരങ്ങേറി. ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്. ഇതിനു പുറമെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ സ്ഥാപിച്ച കൊടിമരം എസ്എഫ്ഐക്കാര്‍ തകര്‍ത്തത്. മൂന്നര പതിറ്റാണ്ടിന് ശേഷം എതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ കെഎസ്‌യു യൂണിറ്റ് സ്ഥാപിച്ചത്. യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എസ്എഫ്ഐ ശ്രമിക്കുകയാണെന്നും അക്രമികള്‍ക്ക് സഹായം ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും സുധാകരന്‍ എംപി  പറഞ്ഞു.

പക്ഷപാതപരമായിട്ടാണ് പോലീസ് പെരുമാറിയത്. ഐടിഐയിലെ അധ്യാപകരും ഈ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുകയാണ്. വളര്‍ന്നു വരുന്ന തലമുറയില്‍ രാഷ്ട്രീയ നേതൃപാടവം വളര്‍ത്തുന്നതിന് പകരം അക്രമവാസനയെ പ്രോത്സാഹിക്കിപ്പിക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് റിബിന്‍ സി.എച്ചിനെ എസ്എഫ്ഐക്കാര്‍ ഐടിഐ ക്യാമ്പസിനുള്ളില്‍ ക്രൂരമായി മര്‍ദ്ദിച്ചു.

കെഎസ്‌യു സംസ്ഥാന സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, അര്‍ജുന്‍ കോറാം,രാഗേഷ് ബാലന്‍,ഹരികൃഷ്ണന്‍ പാളാട് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കൈയ്യൂക്കിന്‍റെ ബലത്തില്‍ കായികമായി നേരിട്ട് നിശബ്ദമാക്കാമെന്ന ധാര്‍ഷ്ട്യം സിപിഎമ്മും എസ്എഫ്ഐയും ഉപേക്ഷിക്കുന്നതാണ് ഉചിതം. അക്രമം കോണ്‍ഗ്രസ് ശൈലിയല്ലെന്നും ഗത്യന്തരമില്ലാതെ പ്രതിരോധത്തിന്‍റെ മാര്‍ഗം കുട്ടികള്‍ സ്വീകരിച്ചാല്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കി കെപിസിസി രംഗത്തുണ്ടാകുമെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.