നടുറോഡില്‍ സ്റ്റേജും കെട്ടി സമ്മേളനം; സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

Jaihind Webdesk
Wednesday, December 11, 2024

 

തിരുവനന്തപുരം: വഞ്ചിയൂരിൽ  റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ 31 പേർക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം റോഡിൽ സ്റ്റേജ് കെട്ടി സിപിഎം ഏരിയാ സമ്മേളനം നടത്തിയതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നിരുന്നു. ഇതിനു പിന്നാലെ പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. അതേസമയം സമ്മേളനം നടത്താനല്ലാതെ നടുറോഡിൽ സ്റ്റേജ് കെട്ടാൻ സിപിഎം അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

നാളെ വഞ്ചിയൂർ എസ്എച്ച്ഒ ഫയലുകളുമായി നേരിൽ ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. റോഡ് അടയ്‌ക്കാൻ സംഘാടകർക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചിരുന്നു. സമ്മേളനത്തിൽ ആരെല്ലാം പങ്കെടുത്തു, പരിപാടികൾ എന്തെല്ലാം, എത്ര വാഹനങ്ങൾ കൊണ്ടുവന്നു, വൈദ്യുതി കിട്ടിയതെങ്ങനെ തുടങ്ങിയവ അറിയിക്കണം. ഇക്കാര്യത്തിൽ സർക്കാരും വിശദമായ സത്യവാങ്മൂലം നൽകണം. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാർ അറിയിക്കണം എന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്  ആവശ്യപ്പെട്ടിരുന്നു.