ശബരിമല: മുസ്ലിം ലീഗ് നേതാക്കളുമായി ആലോചിച്ചാണ് മുനമ്പം വിഷയത്തില്‍ യുഡിഎഫ് നിലപാട് എടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വിഷയത്തെ മതപരമായ സംഘര്‍ഷമാക്കി മാറ്റാതിരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ സംഘര്‍ഷമുണ്ടാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചതെന്നും വി.ഡി. കുറ്റപ്പെടുത്തി.
സംഘപരിവാറും സര്‍ക്കാരും ചേര്‍ന്ന് സംസ്ഥാനത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് തന്റെ അഭിപ്രായമെന്നും സംഘപരിവാര്‍ അജണ്ടയില്‍ വീഴരുതെന്നും സതീശന് പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാതിരിക്കനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. മുനമ്പം വിഷയത്തില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും ഒരുമിച്ച് ആലോചിച്ച് യുഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. തുടക്കം മുതല്‍ ഒരുമിച്ചാണ് ചര്‍ച്ച ചെയ്തത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് ഞാന്‍ പറഞ്ഞത്. എല്ലാവരും പറഞ്ഞ് തര്‍ക്കിച്ച് അവസാനം ഈ പ്രശ്നം പരിഹരിക്കാന്‍ വഖഫ് ബില്‍ പാസായാലേ കഴിയൂ എന്ന സംഘപരിവാര്‍ അജണ്ടയില്‍ എത്തിക്കാനാണ് ശ്രമം. ആ അജണ്ടയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം.
2019ലാണ് വഖഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തത്. പഠിക്കാതെയും കാര്യങ്ങള്‍ മനസിലാക്കാതെയുമാണ് ചിലര്‍ കാര്യങ്ങള്‍ പറയുന്നത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പണം നല്കിയ ഭൂമിയില്‍ 30 വര്‍ഷത്തിന് ശേഷം പുതിയ പ്രശ്നങ്ങളുമായി വരികയാണ്’ സതീശന് പറഞ്ഞു.
രമ്യമായി പരിഹരിക്കണമെന്ന ലക്ഷ്യമുള്ളതിനാല്‍ എല്ലാവരുടെയും അഭിപ്രായത്തിന് മറുപടി പറയേണ്ട കാര്യമില്ല. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത ഉണ്ടാക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമം നടക്കുകയാണ്. അതിനൊടൊക്കെ പ്രതികരിച്ചാല്‍ വിഷയം വഷളാകുമെന്നും പ്രശ്ന പരിഹാരം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.